ക്ലീന്‍ കല്‍പ്പറ്റ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മാലിന്യ സംസ്‌കരണത്തിനായി ആധുനിക യന്ത്രോപകരണങ്ങള്‍ സ്ഥാപിച്ച ഹരിത ബയോ പ്ലാന്റ് നാളെ (ഞായര്‍) രാവിലെ 10ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നാടിന് സമര്‍പ്പിക്കും. ടി. സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തും. കല്‍പ്പറ്റ നഗരസഭ സെക്രട്ടറി കെ.ജി. രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
യന്ത്രോപകരണങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നിര്‍വ്വഹിക്കും.

മുനിസിപ്പാലിറ്റിയിലെ മാലിന്യപ്രശ്നത്തിന് പരിഹാരമായി ഹരിത ബയോപാര്‍ക്കില്‍ ആധുനിക യന്ത്രോപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. നഗരസഭയുടെ കൈവശമുള്ള വെള്ളാരം കുന്നിലെ 9 ഏക്കര്‍ സ്ഥലത്താണ് ഖര-ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചത്. ഇതോടെ സമ്പൂര്‍ണ്ണ മാലിന്യസംസ്‌കരണത്തില്‍ സംസ്ഥാനത്തെ മൂന്നാമത്തെ നഗരസഭയായും ജില്ലയിലെ ആദ്യത്തെതായും കല്‍പ്പറ്റ മുനിസിപ്പാലിറ്റി മാറും. 15,000 ചതുരശ്ര അടി വലുപ്പമുള്ള മാലിന്യസംസ്‌കരണ പ്ലാന്റ് സംസ്ഥാനത്തെ മറ്റൊരു മുനിസിപ്പാലിറ്റിയിലുമില്ല. 1 കോടി 28 ലക്ഷം രൂപ ചെലവഴിച്ചാണ് പ്ലാന്റ് സ്ഥാപിച്ചത്. തുടര്‍ പ്രവര്‍ത്തനത്തിനായി 87 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സമ്പൂര്‍ണ്ണ ശുചിത്വ നഗരസഭയെന്ന ലക്ഷ്യത്തിനായി ശുചിത്വമിഷനും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പാലക്കാട് ആസ്ഥാനമായ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററാണ് (ഐ.ആര്‍.ടി.സി) സാങ്കേതിക സഹായത്തോടൊപ്പം നിര്‍മ്മാണ ചുമതലയും നിര്‍വ്വഹിക്കുന്നത്.

വെള്ളാരംകുന്നിലെ ഹരിത ബയോപാര്‍ക്കില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററും (എം.സി.എഫ്), വിന്‍ഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റും സംയുക്തമായി പ്രവര്‍ത്തിപ്പിക്കാനുള്ള വിശാലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഖര മാലിന്യങ്ങള്‍ തരം തിരിക്കാനായി സെഗ്രിഗേഷന്‍ യന്ത്രമായ സോര്‍ട്ടിംഗ് കണ്‍വെയര്‍ ബെല്‍റ്റും, ബെയിലിംഗ് മെഷീനും ജൈവമാലിന്യങ്ങള്‍ക്കായി ഷ്രെഡിംഗ് യൂണിറ്റും, പള്‍വറ്റൈസര്‍ സീവിംഗ് മെഷീനും സ്ഥാപിച്ചിട്ടുണ്ട്. ജൈവ മാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കുന്നതിനും തരം തിരിച്ച മാലിന്യങ്ങള്‍ ബെയ്ല്‍ ചെയ്ത് വില്‍പന നടത്തി വരുമാന മാര്‍ഗ്ഗത്തിനും നഗരസഭക്ക് പദ്ധതിയുണ്ട്. വീടുകളില്‍ നിന്ന് നേരിട്ട് ഖര-ജൈവ മാലിന്യങ്ങള്‍ ഹരിത സേനാംഗങ്ങള്‍ ശേഖരിക്കും. ഡോര്‍ ടു ഡോര്‍ മാലിന്യശേഖരണം ശക്തിപ്പെടുത്തും. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന ചുമതല ഉറവിടങ്ങളില്‍ തന്നെ നടത്തും.ശേഖരിക്കുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ച് 6 അടി നീളം, 4 അടി വീതി, 4 അടി ഉയരത്തിലും പ്രത്യേകം തയ്യാറാക്കിയ വില്‍ഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റികളില്‍ നിക്ഷേപിക്കും. ഇനോകുലം (ആര്‍ട്ടിഫിഷ്യല്‍ ബാക്ടീരിയ) തളിച്ച് വിന്‍ഡ്രോകളിലാക്കുന്ന മാലിന്യം 45 ദിവസം കിടക്കുന്നതോടെ വളമായി മാറും. ഇത്തരം നൂതന സാങ്കേതിക വിദ്യയാണ് മാലിന്യസംസ്‌കരണത്തിനായി കല്‍പ്പറ്റയില്‍ നടപ്പാക്കുന്നത്.

വെര്‍മി കമ്പോസ്റ്റ് (മണ്ണിര), വിന്‍ഡ്രോ കമ്പോസ്റ്റ് തുടങ്ങിയവയിലൂടെയും വളം ഉല്‍പാദിപ്പിക്കാനാവും. യൂനിസെഫിന്റ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എഫ്.എസ്.ടി.പി) പ്രവര്‍ത്തനം തുടങ്ങിയതോടെ സെപ്റ്റിക് ടാങ്ക് ശുചീകരണവും മുനിസിപ്പാലിറ്റിയില്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. മാലിന്യ സംസ് കരണ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയില്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷന്‍ സിസ്റ്റം നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
വെള്ളാരംകുന്നിലെ ഹരിത ബയോപാര്‍ക്കിലെ ആധുനിക യന്ത്രേപകരണങ്ങളും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററും (എം.സി.എഫ്), വിന്‍ഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റും സംയുക്തമായി പ്രവര്‍ത്തിക്കുന്നതോടെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമാവുകയും സമ്പൂര്‍ണ്ണ ശുചിത്വ മുനിസിപ്പാലിറ്റിയായും കല്‍പ്പറ്റ മാറും.