കല്‍പ്പ: കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചല്‍ ഭീക്ഷണിയാണ് ജില്ലയെ ഏറെ ദുരിതത്തിലാക്കിയത്. ഈ സാഹചര്യത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് മണ്ണിടിച്ചല്‍ അടക്കമുള്ള കാര്യങ്ങള്‍ പഠിക്കണമെന്ന അഭിപ്രായമാണ് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ മുന്നോട്ട് വച്ചത്. ഒരുതവണ തിരിച്ചു പോയവര്‍ വീണ്ടും ദുരിതാശ്വാസ ക്യാമ്പിലേക്കെത്തുന്ന കാഴ്ചയും ഏറെ വേദനാജനകമായിരുന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ക്യാമ്പുകളുടെ എണ്ണം കുറവാണെങ്കിലും വൈത്തിരി, മാനന്തവാടി താലൂക്കുകളില്‍ സ്ഥിതി വിത്യസ്തമായിരുന്നു. മണ്ണിടിച്ചല്‍ ഭീക്ഷണിയെ തുടര്‍ന്ന് ആളുകളെ കൂട്ടമായി ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു. ഏറ്റവുമൊടുവില്‍ മരണപ്പെട്ട ആറുപേരില്‍ അഞ്ചുപേരും വൈത്തിരി – മാനന്തവാടി താലൂക്കില്‍പ്പെട്ടവരാണ്. മണ്ണിടിച്ചല്‍, ഉരുള്‍പ്പൊട്ടല്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ മിക്കതും 1964-ല്‍ ജിയോളജിക്കല്‍ സര്‍വ്വേയില്‍ അതിവ ഗുരതര സ്ഥലങ്ങളായി രേഖപ്പെടുത്തിയവയാണ്. ഉയര്‍ന്ന സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ക്ക് ഉയരം പാടില്ലെന്നാണ് മണ്ണു സംരക്ഷണ വകുപ്പും ആവശ്യപ്പെടുന്നത്. അഗ്നിശമന സേനയുടെ ഇടപ്പെടലിലൂടെ 4387 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. സേനാഗംങ്ങള്‍ 24 മണിക്കൂറും സജ്ജരാണ്. കൂടാതെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായും ഒരാളെ പ്രത്യേകം കണ്‍ട്രോള്‍ റൂമിലും നിറുത്തിയിട്ടുണ്ട്. വൈത്തിരി, പനമരം പൊലീസ് സ്റ്റേഷനുകള്‍ക്കും മഴക്കെടുതിയില്‍ നഷ്ടമുണ്ടായി. വൈത്തിരി പൊലീസ് സ്റ്റേഷനിലെ ഡാറ്റകളും മറ്റും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അപകടാവസ്ഥ തരണം ചെയ്തും ജില്ലയിലെ 16 പൊലിസ് സ്റ്റേഷനും മുഴുവന്‍ സമയവും സജ്ജമാണ്.
കുടിവെള്ളത്തിനായി വാട്ടര്‍ അതോറിട്ടുയുടെ അഞ്ച് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകളും പ്രവര്‍ത്തന സജ്ജമാണ്. കൂടാതെ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയും നടത്തുന്നുണ്ട്. വെള്ളക്കെട്ടിനെ തുടര്‍ന്നു ജില്ലയില്‍ വൈദ്യുതി വകുപ്പിന്റെ 18 സെക്ഷനുകളിലായി നൂറോളം ട്രാന്‍സ്‌ഫോമറുകള്‍ ഓഫാക്കി വയ്‌ക്കേണ്ടി വന്നു. തവിഞ്ഞാല്‍, പനമരം, സുഗന്ധഗിരി പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. വൈദ്യുതി വിതരണ ലൈനുകള്‍ വെള്ളത്തിലായതാണ് പ്രധാനമായും വൈദ്യുതി തടസ്സത്തിന് കാരണമായത്. നിലവിലെ സാഹചര്യത്തില്‍ 54 ലക്ഷത്തോളം രൂപയുടെ നാശനഷ്ടവും കണക്കാക്കുന്നുണ്ട്. കുറിച്യര്‍മല, സുഗന്ധഗിരി മേഖലകളില്‍ അഞ്ച് ഏക്കറോളം വനം ഒലിച്ചു പോയി. വനത്തിലുള്ളിലെ ആദിവാസികളെ മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. വന്യജീവി മേഖലകളില്‍ പ്രധാനമായും വെള്ളക്കെട്ട് ഭീഷണിയാണ് നേരിട്ടത്. ഇവിടങ്ങളിലെ ആദിവാസി കോളനികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. മൂവായിരത്തോളം കുടുംബങ്ങളിലെ പത്തായിരത്തോളം ആദിവാസി വിഭാഗക്കാര്‍ വിവിധ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ഇവിടങ്ങളിലെല്ലാം സ്ഥിരമായി മെഡിക്കല്‍ ക്യാമ്പുകളും നടത്തുന്നുണ്ട്.
ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ആകെ സംഭരണശേഷി 209 ദശലക്ഷം ക്യൂബിക് മീറ്ററാണ്. എന്നാല്‍ ഇത്തവണ അണക്കെട്ടില്‍ നിന്നും ഒഴുക്കിക്കളയേണ്ടി വന്നത് 222.9 ദശലക്ഷം ക്യൂബിക് മീറ്റര്‍ വെള്ളവും. ഇതു സംഭരണശേഷിയുടെതിനേക്കാള്‍ കൂടുതലാണെന്നതാണ് വസ്തുത. വെള്ളക്കെട്ട് രൂക്ഷമായപ്പോള്‍ ബീച്ചനഹള്ളി അണക്കെട്ട് അധികൃതര്‍ കൂടുതല്‍ വെള്ളം ഒഴുക്കി കളയാന്‍ സന്നദ്ധമായത് പ്രശംസനീയമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ബാണസുര സാഗറിലൂടെ സെക്കന്‍ഡില്‍ 170 ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കി കളയേണ്ടി വരുന്ന സാഹചര്യത്തിലാണ് വെള്ളക്കെട്ടിനും കാരണമാകുന്നത്. നിലവില്‍ നീരൊഴുക്ക് കുറവായതിനാല്‍ പ്രശ്‌നമുണ്ടാവില്ല. എങ്കിലും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നാണ് അണക്കെട്ട് അധികൃതര്‍ ആവശ്യപ്പെടുന്നത്.
നിലവിലെ ശേഖരത്തിനു പുറമെ അരിയടക്കമുള്ള 46 ഓളം ലോഡുകളും വെസ്റ്റ്ഹില്ലില്‍ നിന്നടക്കം ജില്ലയിലെത്തും. ആവശ്യമായി വരുന്ന ഘട്ടത്തില്‍ നച്ചന്‍കോഡു നിന്നും ധാന്യങ്ങള്‍ എത്തിക്കും. സപ്ലൈ കോയുടെ വിതരണ കേന്ദ്രത്തില്‍ നിന്നും ക്യാമ്പിലേക്ക് സാധനം നല്‍കാനും പ്രത്യേക നിര്‍ദ്ദേശമുണ്ട്. പ്രധാനമായും പമ്പുകളില്‍ വെളളം കയറിതെ തുടര്‍ന്നാണ് ഇന്ധന വിതരണം തടസപ്പെട്ടത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ മുപ്പതോളം റോഡുകള്‍ മണ്ണിടിഞ്ഞും വെള്ളംകയറിയും ഗതാഗത തടസം നേരിടുന്നുണ്ട്. ജില്ലയില്‍ പ്രധാനമായും രണ്ടു സ്‌കൂളുകള്‍ക്കും കേടുപാടുണ്ടായി. സുഗന്ധഗിരി മേഖലയിലെ അച്ചൂരം ഗവ. എച്ച്.എസ്.എസ്സിലെ ഫയലുകള്‍ നശിച്ചു. കുറിച്യര്‍മല സ്‌കൂള്‍ മണ്ണിടിഞ്ഞ് വീണും നശിച്ചു. ജില്ലയിലെ നാശനഷ്ടങ്ങളുടെ കണക്ക് കണക്കാക്കി വരുന്നതേയുള്ളു. 1400 ഹെക്ടറിലധികം കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്.