നഗര-ഗ്രാമ ഭേദമില്ലാതെ സ്വയം തൊഴിൽ സംരംഭങ്ങൾ യഥാർഥ്യമാക്കുകയാണ് ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ എന്ന പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നതെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. സംരംഭക വർഷം 2022-23 ന്റെ ഭാഗമായി തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, കോട്ടയം താലൂക്ക് വ്യവസായ ഓഫീസ്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ലോൺ ലൈസൻസ് സബ്‌സിഡി മേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പുതിയ സംരംഭങ്ങൾക്ക് ധനസഹായം നൽകാൻ കേരള ബാങ്കും മറ്റ് സഹകരണ സംഘങ്ങളും സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. സംരംഭങ്ങൾ വഴി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് നടപ്പാക്കും. മൂല്യവർധിത ഉത്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ഗോഡൗണുകൾ സഹകരണ സംഘങ്ങൾ മുഖാന്തരം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവാർപ്പിലെ വിവിധ സംരംഭകർക്ക് അനുമതി പത്രവും ഉദ്വം സർട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ 133 സംരംഭക യൂണിറ്റുകൾ ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമായി പുതിയ 50 സംരംഭങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ വി.ആർ രാജേഷ് വിഷയാവതരണം നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.ടി രാജേഷ്, പി.എസ് ഷീനാമോൾ, കെ.ആർ അജയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ എം ബിന്നു, സി.ഡി.എസ് ചെയർപേഴ്സൻ രജനി മോഹൻദാസ് എന്നിവർ പങ്കെടുത്തു.