വർഗീയ സംഘടനകൾ യുവമനസുകളെ സ്വാധീനിക്കാൻ നടത്തുന്ന ശ്രമം അടയാളപ്പെടുത്തുന്ന ലളിത് വചാനി ചിത്രം ബോയ് ഇൻ ദി ബ്രാഞ്ച്, എട്ടു വർഷങ്ങൾക്ക് ശേഷം ഇതേ വിഷയത്തിലേക്ക് തിരിഞ്ഞു നോക്കുന്ന ദി മാൻ ഇൻ ദി ട്രീ എന്നിവ ഉൾപ്പടെ 51 ചിത്രങ്ങൾ രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയുടെ രണ്ടാം ദിനം പ്രദർശിപ്പിക്കും. ആര്‍.പി അമുദന്‍ ക്യൂറേറ്റ് ചെയ്ത ചിത്രങ്ങളുടെ പാക്കേജിലാണ് ഈ ഡോക്കുമെന്ററികൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
സുഡാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്കാരം നേടിയ മക്കാസാർ ഈസ് എ സിറ്റി ഫോർ ഫുട്ബോൾ ഫാൻസ്,ബർലിൻ മേളയിൽ ജൂറി പ്രത്യേകം പരാമർശിച്ച ബേഡ്സ് ഇൻ ദി പെനിൻസുല ,ലിയാ നജ്ജാർ സംവിധാനം ചെയ്ത കാഷ് കാഷ് വിത്തൗട്ട് ഫെദേഴ്സ് വീ കാന്റ് ലീവ് എന്നീ ചിത്രങ്ങൾ ബെസ്റ്റ് ഓഫ് ദി വേൾഡ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. എമങ് ദി സ്റ്റാഴ്സ് , അരികെ , മഞ്ചാടിക്കാലം ,ഡിയർ മാ എന്നീ ആനിമേഷൻ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.
ശ്രീലങ്കൻ തമിഴ് അഭയാർത്ഥികളുടെ കഥ പറയുന്ന എന്നിട്ടും ഇടമില്ലാത്തവർ ,ഫാത്തിമ ,ചേയ്ഞ്ചിങ് ലാൻഡ്സ്കേപ് എന്നീ ലോങ് ഡോക്യുമെന്ററികളാണ് ശനിയാഴ്ച മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ് റീനാ മോഹൻ സംവിധാനം ചെയ്ത സ്കിൻ ഡീപും രണ്ടാം ദിനത്തിലെ ചിത്രങ്ങളിൽ ഉൾപ്പെടുന്നു.ലിറ്റിൽ പെർഫക്ട് തിങ്ക്സ് , തിരുവ് , മ്യൂട്ടഡ് ക്രോസ് , ഒരാൾ മാത്രം , ലാബ്രിന്ത് എന്നീ ക്യാംപസ് ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.