കര്‍ഷക കൂട്ടായ്മകള്‍ മൂല്യവര്‍ധിത ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കാട്ടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ശങ്കരന്‍ പറഞ്ഞു. പന്തളം തെക്കേക്കര കേര സമിതിയുടെ നേതൃത്വത്തില്‍ കേര ഗ്രാമം പദ്ധതി പ്രകാരം പുറത്തിറക്കിയ തട്ട് ബ്രാന്‍ഡ് കേര ഗ്രാമം വെളിച്ചെണ്ണയുടെ ആദ്യ വില്‍പ്പന നിര്‍വഹിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. കര്‍ഷകര്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്പ്പാദിപ്പിച്ച് പൊതു വിപണികളില്‍ എത്തിച്ചാല്‍ മാത്രമേ കൃഷി ലാഭകരമാകു.
പന്തളം ഗ്രാമപഞ്ചായത്തിനെ ഭക്ഷ്യസ്വയം പര്യാപ്തതയില്‍ എത്തിക്കുവാനുള്ള കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും കേരസമിതിയുടെയും ശ്രമഫലമായാണ് വെളിച്ചെണ്ണ പുറത്തിറക്കിയത്. പൊതു വിപണിയില്‍ ഭക്ഷ്യ വസ്തുക്കളില്‍ ഏറിയ പങ്കും മായം കണ്ടെത്തുന്ന സാഹചര്യത്തില്‍ വെളിച്ചെണ്ണ തദ്ദേശികമായി ഉല്‍പ്പാദിപ്പിച്ചു നൂറു ശതമാനം ശുദ്ധതയോടെയാണ് വിപണിയില്‍ എത്തിക്കുന്നത്. ‘ശുദ്ധമാണ് വിശ്വസിക്കാം’ എന്ന ലോഗോയിലാണ് തട്ട ബ്രാന്‍ഡ് ഉല്‍പ്പന്നം പുറത്തിറക്കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, റോബിന്‍ പീറ്റര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് ബോബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. പി വിദ്യാധരപണിക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോണ്‍, പഞ്ചായത്തംഗങ്ങളായ അംബിക ദേവരാജന്‍, ബി.പ്രസാദ് കുമാര്‍, രഞ്ജിത്, ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ് പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.എസ് റീജ, സാമൂഹിക രാഷ്ട്രീയ സാംസ്‌കാരികപ്രവര്‍ത്തകര്‍ കേരസമിതി ഭാരവാഹികള്‍, കാര്‍ഷികവികസന സമിതി പാടശേഖര സമിതി പ്രതിനിധികള്‍, കേര കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു തെങ്ങു കൃഷിയിലെ സംയോജിത വിള പരിപാലനം സംബന്ധിച്ച് കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതിനോടകം തന്നെ മാവര നാടന്‍ കുത്തരി, പുട്ടുപൊടി, ഇടിയപ്പപൊടി എന്നിവ പുറത്തിറക്കിയിരുന്നു.ചിങ്ങം ഒന്നിന് രണ്ടായിരം വീടുകളില്‍ ആരംഭിച്ച അടുക്കള തോട്ടങ്ങളും ഉള്‍പ്പെടെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിപ്രകാരം ഉല്‍പ്പാദന സംഭരണ വിപണന മേഖല കളില്‍ വലിയ മുന്നേറ്റമാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.