നല്ലവനും സത്യസന്ധനുമായ മഹാബലി ഭരിച്ചിരുന്ന കള്ളവും ചതിയുമില്ലാത്ത കാലത്തും പലവിധ താൽപര്യക്കാർ ഉണ്ടായിരുന്നുവെന്ന് എം. എം. മണി എം. എൽ. എ. അവരാണ് മഹാ വിഷ്ണുവിനെ വാമനനായി ഇളക്കിവിട്ടത്. ഇടുക്കി ജില്ലാ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം ചെറുതോണിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം.എം. മണി.

മഹാമാരിക്ക് ശേഷം നടക്കുന്ന ഓണാഘോഷം വിപുലമായി സംഘടിപ്പിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഗ്രാമ പഞ്ചായത്തുകൾ മുതൽ ജില്ലാതലം വരെ വിപുലമായി ഓണാഘോഷം സംഘടിപ്പിക്കുന്നുണ്ട്. കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരുടെ ഓണാഘോഷം മഴ കട്ടപ്പുകയാക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ ഓണക്കിറ്റ് വലിയ ആശ്വാസമായെന്നും എം.എൽ.എ പറഞ്ഞു.വെട്ടിപ്പിടിക്കലിന്റെയല്ല,വിട്ടുകൊടുക്കലിന്റെയും ത്യാഗത്തിന്റെയും ഉത്സവമാണ് ഓണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ജനനന്മക്കായി തന്റെ ഉടലും ഉയിരും വിട്ടുകൊടുത്ത മഹാബലി ചക്രവർത്തിയുടെ ഓർമ്മയാണ് ഓണം – അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ചടങ്ങിന് സ്വാഗതം പറഞ്ഞു.

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ഓണത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ജില്ലയിലെമ്പാടും ഒരുക്കിയിട്ടുള്ളതെന്ന് അവർ പറഞ്ഞു.

ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, വിവിധ മത-രാഷ്ട്രീയ-സംഘടന പ്രതിനിധികളായ പി.ബി സബീഷ്, സിജി ചാക്കോ, പി.കെ. ജയൻപിള്ള, സണ്ണി പൈമ്പള്ളി, ജോസ് കുഴികണ്ടം, സുരേഷ് എസ്, സി.എം അസീസ് തുടങ്ങിയവർ സംസാരിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ് നന്ദി പറഞ്ഞു.