യുവജന കമ്മീഷന്‍ അദാലത്തില്‍ 26 കേസുകള്‍ പരിഗണിച്ചു

യുവജന കമ്മീഷന് മുന്നിലെത്തുന്ന പരാതികളില്‍ അതിവേഗം പരിഹാരം കാണാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. കോഴിക്കോട് റസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

26 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. 19 കേസുകള്‍ തീര്‍പ്പാക്കി. ഏഴ് പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. കോവിഡ് പശ്ചാത്തലത്തില്‍ മതിയായ കാരണങ്ങളില്ലാതെ സ്വാശ്രയ കോളേജുകളില്‍ നിന്നും അധ്യാപകരെ പിരിച്ചുവിട്ട കേസുകള്‍ കമ്മീഷന് മുന്നിലെത്തി. ഇവരുടെ ശമ്പള കുടിശ്ശിക അടിയന്തിരമായി നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിക്കും.

ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ അതീവ ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നത്. പോലീസും യുവജനങ്ങളുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തും. ലഹരി ഉപയോഗവും ഗുരുതരമായ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതിനെതിരെ യുവജനങ്ങളെ അണിനിരത്തി പ്രവര്‍ത്തിക്കും. യുവജന ക്ലബ്ബുകള്‍, യൂണിവേഴ്‌സിറ്റി യൂണിയനുകള്‍, മറ്റ് യുവജന സംഘടനകള്‍ എന്നിവരുമായി ചേര്‍ന്ന് ജാഗ്രത സമിതികള്‍ക്ക് രൂപം നല്‍കും. വിവിധ വകുപ്പുകളെ ഇതിനായി എകോപിപ്പിക്കുമെന്നും അധ്യക്ഷ പറഞ്ഞു.

ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍നടന്ന അദാലത്തില്‍ കമ്മീഷന്‍ അംഗം റെനീഷ് മാത്യു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രകാശ് പി. ജോസഫ്, അസിസ്റ്റന്റ് അഭിഷേക് പി. എന്നിവര്‍ പങ്കെടുത്തു.