ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ദേശീയ യുവ് ഉത്സവിന്റെ ജില്ലാതല പരിപാടി ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കുമപ്പുറം വ്യക്തികളുടെ മാനസികവികാസമാണ് സാമൂഹികവികസനത്തിന്റെ അടിത്തറ. അതിനായി യുവതലമുറയുടെ അഭിപ്രായങ്ങളും ആശയങ്ങളും അനിവാര്യമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ എംപി അഭിപ്രായപ്പെട്ടു.
ഫിഫ ഫുട്ബോൾ ലോക കപ്പിനോടനുബന്ധിച്ച് നെഹ്റു യുവ കേന്ദ്രയും മൈ റേഡിയോ 90 എഫ് എം സ്റ്റേഷനും ചേർന്ന് ജില്ലയിലെ 215 ക്ലബ്ബുകളെ ഉൾപ്പെടുത്തി ഇലവൻസ് ഫുട്ബോൾ മത്സരം ഒരുക്കുമെന്നും താല്പര്യമുള്ളവർക്ക് മൈ റേഡിയോ 90 എഫ്എം റേഡിയോ ജോക്കി ആകാനുള്ള അവസരം നൽകുമെന്നും എംപി അറിയിച്ചു.
നെഹ്‌റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം, ലളിതകല അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലാ യുവ് ഉത്സവ് സംഘടിപ്പിച്ചത്. യുവജന കണ്‍വെന്‍ഷനോടൊപ്പം, പെയിന്റിംഗ്, കവിത രചന, പ്രസംഗ മത്സരം, മൊബൈല്‍ ഫോട്ടോഗ്രാഫി, നാടോടിസംഘ നൃത്തം, യുവജന സംവാദം എന്നീ ആറ് ഇനങ്ങളിൽ മത്സരങ്ങളും അരങ്ങേറി. 15നും 29നും മദ്ധ്യേ പ്രായമുളള ജില്ലയിലെ താമസക്കാർക്കായാണ് മത്സരം.
മത്സരയിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് സംസ്ഥാന-ദേശീയ യുവ് ഉത്സവില്‍ പങ്കെടുക്കാൻ അവസരം ലഭിക്കും. ഇന്ത്യയിലെ 623 ജില്ലകളിലായി പ്രാഥമിക മത്സരങ്ങള്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പൂര്‍ത്തിയാകും. ജില്ലാതല വിജയികള്‍ പങ്കെടുക്കുന്ന 29 സംസ്ഥാനതല യുവ് ഉത്സവ് നവംബര്‍, ഡിസംബര്‍ മാസങ്ങളിലും ദേശീയ യുവ് ഉത്സവ് ജനുവരി 11 മുതല്‍ 18 വരെയുമാണ് നടക്കുക. ജില്ലാ യുവ് ഉത്സവിന്റെ പോസ്റ്റര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പ്രകാശനം ചെയ്തിരിന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കായിക ഉപകരണ വിതരണ പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ ഉദ്ഘാടനം ചെയ്തു . കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളികൃഷ്ണൻ, നാഷണൽ സർവീസ് സ്കീം ജില്ലാ കോഡിനേറ്റർ ഡോ. ടി വി ബിനു, നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സി ബിൻസി, മുൻ സ്റ്റേറ്റ് ഡയറക്ടർ എസ് സതീഷ് എന്നിവർ പങ്കെടുത്തു.
മത്സരേതര വിഭാഗങ്ങളില്‍ കണ്ണോത്ത് ശ്രീമുരുക കലാക്ഷേത്രം അവതരിപ്പിക്കുന്ന കുറത്തിയാട്ടവും രാജീവ് വെങ്കിടങ്ങിന്റെ മയക്കുമരുന്നിനെതിരായ ബോധവല്‍ക്കരണ ഓട്ടന്‍തുള്ളല്‍ ‘ജാഗ്രത’യും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു .