തൃപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ, ഷട്ടിൽ കോർട്ട് നിർമ്മിക്കുന്നതിന് ടി എൻ പ്രതാപൻ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു. ടി എൻ പ്രതാപൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന എംപി ലാഡ് അവലോകന യോഗത്തിലാണ് തുക അനുവദിച്ചത്. മണലൂർ പഞ്ചായത്തിലെ കണ്ടശാങ്കടവ് സൗഹൃദ തീരം ടൂറിസം പദ്ധതിക്ക് 25 ലക്ഷം രൂപ അധികം തുക അനുവദിച്ചു. കുട്ടനെല്ലൂർ ശ്രീ അച്യുതമേനോൻ ഗവ. കോളേജിൽ ഫുട്ബോൾ ഗ്രൗണ്ട് നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപയും അനുവദിച്ചു.

എംപി ഫണ്ടിൽ നിന്നും 645.78 ലക്ഷം രൂപയുടെ 36 പദ്ധതികൾക്കാണ് ഇതുവരെ ഭരണാനുമതി നൽകിയത്. അതിൽ ഒൻപത് പദ്ധതികൾ പൂർത്തീകരിച്ചു. 223.69 ലക്ഷം രൂപയാണ് വിവിധ പദ്ധതികൾക്കായി വിനിയോഗിച്ചത്. സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കാൻ നിർവ്വഹണ ഏജൻസികൾക്ക് എംപി നിർദ്ദേശം നൽകി.

കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിങ്ങ് ഓഫീസർ എൻ കെ ശ്രീലത, പഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.