കോട്ടയം: വിദ്യാഭ്യാസ വകുപ്പിന്റെ ബജറ്റ് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ നീണ്ടൂർ പ്രാവട്ടം എസ്.കെ.വി ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഹൈടെക് ക്ലാസ്സ് മുറികളും സൗകര്യങ്ങളുമായി 3500 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പൊതുവിജ്ഞാനസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 2.19 കോടി രൂപ ചെലവിട്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. മൂന്ന് നിലകളോട് കൂടി നിർമ്മിച്ച കെട്ടിടത്തിൽ ആറു ക്ലാസ്സ് മുറികൾ ഒരു സ്റ്റാഫ് റൂമും പ്രിൻസിപ്പൽ റൂമും അടക്കം ഒൻപതുമുറികളാണ് ഉള്ളത്. എട്ടുമാസം കൊണ്ടാണ് കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ പൂർത്തീകരിച്ചത്.
സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലായി 280 വിദ്യാർഥികളാണ് എസ്.കെ.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്നത്. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ കമ്പ്യൂട്ടർ ലാബിനും മറ്റ് ആവശ്യങ്ങൾക്കുമായി ഹൈസ്‌കൂൾ വിഭാഗത്തിലെ കെട്ടിടത്തെ ആയിരുന്നു ആശ്രയിച്ചിരുന്നത്. പുതിയ കെട്ടിടം നിർമ്മിച്ചതോടെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ ലാബും മറ്റ് സൗകര്യങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറ്റും. പുതിയ ഹൈടെക് ക്ലാസ്സ് മുറികൾ വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ പ്രയോജനകരമാകുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ സുനിത സൂസൻ തോമസ് പറഞ്ഞു. കെട്ടിടം അടുത്ത മാസം ഉദ്ഘാടനം ചെയ്യും.