എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതികളെ കുറിച്ച് യുവതി, യുവാക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനായി ജില്ലയിലെ സ്വയം തൊഴില്‍ സംരംഭകര്‍ക്കായി ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാല ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംരംഭകത്വ വര്‍ഷം ആചരിക്കുക എന്നതല്ല മറിച്ച് എത്ര പേര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചു എന്നതാവണം ശില്‍പശാലകളിലൂടെ വിലയിരുത്തേണ്ടതെന്ന് ഡേവിസ് മാസ്റ്റര്‍ പറഞ്ഞു. തൊഴിലില്ലായ്മയെ നേരിടാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. ചുറ്റുമുള്ള അവസരങ്ങള്‍ കണ്ടെത്താനുള്ള ശേഷി

വേണമെന്ന് പറഞ്ഞ അദ്ദേഹം സ്വയം തൊഴില്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കി അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ കഴിയേണ്ടതുണ്ടെന്നും പറഞ്ഞു.

സ്വയം തൊഴില്‍ സംരംഭക മേഖലയിലേയ്ക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിശാബോധം നല്‍കി സ്വയം തൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കുകയാണ് ശില്‍പശാല. ബാങ്കിംഗ് സര്‍വ്വീസ് സ്വയം തൊഴില്‍ പദ്ധതികള്‍ സാമ്പത്തിക സാക്ഷരതയും ബാങ്കിംഗ് ഇതര സേവനങ്ങളും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള സ്വയം തൊഴില്‍ പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധരായ ആര്‍.എസ്.ഇ.ടി.ഐ

ഡയറക്ടര്‍ ജനീഷ് പി ജെ, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ അശോക് കുമാര്‍, സെല്‍ഫ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ ശശികുമാര്‍ എന്‍ ബി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സംരംഭം ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും ബാങ്കിംഗ് സംവിധാനങ്ങളെക്കുറിച്ചും ശില്‍പശാലയില്‍ വിശദീകരിച്ചു. 150 ഉദ്യോഗാര്‍ത്ഥികളാണ് സ്വയം തൊഴില്‍ ബോധവല്‍ക്കരണ ശില്‍പശാലയില്‍ പങ്കെടുത്തത്.

ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം ശിവദാസന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (എസ് ഇ ) ശശികുമാര്‍ എന്‍ ബി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പി എല്‍ ) ബിജു ടി ജി, ജൂനിയര്‍ സൂപ്രണ്ട് മുഹമ്മദ് ഷൗക്കത്തലി, ജൂനിയര്‍ സൂപ്രണ്ട് ശ്രീകുമാരി കെ എന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.