ഗുരുവായൂർ സത്യഗ്രഹം പകർന്ന് നൽകിയ നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊണ്ട് കൂടുതൽ മെച്ചപ്പെട്ട സമൂഹമായി മാറാൻ ശ്രമിക്കണമെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ. ഗുരുവായൂർ ദേവസ്വത്തിന്റെ ക്ഷേത്രപ്രവേശന സത്യഗ്രഹ നവതിയുടെയും ക്ഷേത്ര പുനരുദ്ധാരണ സുവർണ്ണ ജൂബിലിയുടെയും സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യനെ, മനുഷ്യനാക്കി മാറ്റിയ സമരമായിരുന്നു ക്ഷേത്രപ്രവേശന സമരം. ക്ഷേത്രത്തിൽ കയറാൻ മാത്രമായിരുന്നില്ല. മറിച്ച് സാമൂഹ്യ വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം കൂടിയായിരുന്നു ആ പ്രതിഷേധം. അനീതിക്കും അനാചാരങ്ങൾക്കും എതിരെയുള്ള സമരം ശരിയെന്ന് പിന്നീട് കാലവും തെളിയിച്ചു. സമരം മുന്നോട്ടുവെച്ച മൂല്യങ്ങൾ സ്വീകരിക്കാൻ ഇന്നത്തെ സമൂഹം തയ്യാറാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ദേവസ്വം മെഡിക്കൽ സെൻ്ററിലെ നവീകരിച്ച എക്സ് റേ – യൂണിറ്റ് സമർപ്പണം, സത്യഗ്രഹ നവതി സ്മരണിക സമ്പൂർണ്ണ പതിപ്പ് സമർപ്പണം, സത്യഗ്രഹസ്മൃതി ചിത്രപ്രദർശനം, മാധ്യമ ശിൽപ്പശാല, സത്യഗ്രഹ സേനാനി കുടുംബാംഗങ്ങൾക്കുള്ള ആദരം എന്നിവയും മന്ത്രി നിർവ്വഹിച്ചു.

തെക്കേനട ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ അധ്യക്ഷത വഹിച്ചു. എൻ കെ അക്ബർ എംഎൽഎ, നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, അഡ്വ.കെ വി മോഹനകൃഷ്ണൻ, കെആർ ഗോപിനാഥ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ തുടങ്ങിയവർ പങ്കെടുത്തു.