ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സ്വയംതൊഴില്‍ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു. പഴയ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ (പാറക്കടവ്) നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. യുവാക്കളില്‍ സ്വയംതൊഴില്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനും എംപ്ലോയ്‌മെന്റ് വകുപ്പു മുഖേന നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതികളുടെ പ്രചാരണത്തിനുമാണ് സംസ്ഥാന വ്യാപകമായി ബോധവല്‍ക്കരണ ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നത്.

2022 -2023 സാമ്പത്തിക വര്‍ഷം കേരള സര്‍ക്കാര്‍ സംരംഭക വര്‍ഷമായി ആചരിക്കുകയാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഈ വര്‍ഷം ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വയംതൊഴില്‍ വായ്പാ പദ്ധതികളുടെ അപേക്ഷാ ഫോറം ശില്‍പ്പശാലയില്‍ വിതരണം ചെയ്തു.

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എം.ടി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ രാജേഷ് വി. ബി. സ്വാഗതം ആശംസിച്ചു. എംപ്ലോയ്‌മെന്റ് ഓഫീസര്‍ (സെല്‍ഫ് എംപ്ലോയ്‌മെന്റ്) വേണുഗോപാല്‍ ആര്‍. പദ്ധതി വിശദീകരിച്ചു. ബാങ്കിങ് ബോധവത്കരണം എന്ന വിഷയത്തില്‍ നിജാസ് എം. ക്ലാസ് നയിച്ചു. നെടുങ്കണ്ടം എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ അബ്ദുള്‍ സലാം ലഹരിവിരുദ്ധ സന്ദേശം നല്‍കി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസുകുട്ടി മാത്യു, എംപ്ലോയ്‌മെന്റ് ഓഫിസര്‍ (വൊക്കേഷണല്‍ ഗൈഡന്‍സ്) വിജയകുമാര്‍ ജി., വിപിന്‍ ടി. പി., ജെയ്സണ്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.