പുനരധിവാസ ഗ്രാമം ഒന്നാംഘട്ട നിർമ്മാണം മെയ് മാസം പൂർത്തിയാക്കും: മന്ത്രി ആർ ബിന്ദു
എൻഡോസൾഫാൻ ദുരിതബാധിതർക്ക് എൻമകജെ, പുലൂർ വില്ലേജുകളിൽ സായ് ട്രസ്‌റ്റ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്ന 55 വീടുകൾ ഈ മാസം 30നകം ഗുണഭോക്താക്കൾക്ക് കൈമാറാൻ സജ്ജമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. എൻഡോസൾഫാൻ മേഖലയിലെ പുനരധിവാസം സംബന്ധിച്ച വിവിധ പ്രശ്‌നങ്ങൾ അടിയന്തിരമായി തീർക്കാൻ ഉദ്യോഗസ്ഥതല യോഗത്തിൽ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. നിലവിലെ പ്രവൃത്തികളിലെ തടസ്സങ്ങളും തുടർപ്രവർത്തനങ്ങളും അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിലാണ് നിർദ്ദേശം നൽകിയത്.
നിലവിൽ കുടിവെള്ളവും വൈദ്യുതിയും എത്താത്തിടത്ത് അവ എത്തിക്കാനും റോഡുകൾ സജ്ജമാക്കാനുമുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. എൻഡോസൾഫാൻ മേഖലയിലെ ബഡ്‌സ് സ്‌കൂളുകൾ അടിയന്തിരമായി പ്രവർത്തനക്ഷമമാക്കാൻ കേരള സാമൂഹ്യസുരക്ഷാ മിഷനെയും കുടുംബശ്രീ മിഷനേയും ചുമതലപ്പെടുത്താൻ യോഗം തീരുമാനിച്ചു.
ഈ സ്‌കൂളുകളിലെ ജീവനക്കാരുടെ കരാർ പുതുക്കൽ തുടങ്ങിയ പ്രശ്നങ്ങൾ അടിയന്തിരമായി തീർപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ബഡ്‌സ് സ്‌കൂളുകൾക്ക് രജിസ്‌ട്രേഷന് പതിനെട്ടു വയസ്സിൽ താഴെയുള്ള കുറഞ്ഞത് ഇരുപതു കുട്ടികളെങ്കിലും വേണമെന്ന വ്യവസ്ഥയിൽ എൻഡോസൾഫാൻ മേഖലയിലെ ബഡ്‌സ് സ്‌കൂളുകൾക്ക് മാത്രമായി ഇളവു നൽകാൻ ശുപാർശ ചെയ്യും.
എൻഡോസൾഫാൻ പുനരധിവാസ ഗ്രാമത്തിന്റെ ഒന്നാം ഘട്ടത്തിലെ വീടുകളുടെ നിർമാണം 2023 മെയ് മാസത്തിനകം പൂർത്തിയാക്കും. ക്ലിനിക്കൽ സൈക്കോളജി, ഹൈഡ്രോ തെറാപ്പി, കൺസൾട്ടിങ് ബ്ലോക്ക് എന്നിവയുടെ നിർമ്മാണമാണ് ഒന്നാംഘട്ടത്തിൽ തീർക്കുക. രണ്ടാം ഘട്ടത്തിൽ ഏതെല്ലാം ഘടകങ്ങൾ വേണമെന്നു തീരുമാനിക്കാനുള്ള യോഗം എത്രയുംവേഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.