ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘ഗോള്‍ പദ്ധതി’ ക്യാമ്പയിന്‍ കളക്ട്രേറ്റ് കോമ്പൗണ്ടില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എല്ലാ വിഭാഗക്കാരിലേക്കും ലോകകപ്പ് സന്ദേശം എത്തിക്കുക, താല്‍പര്യമുള്ള കുട്ടികള്‍ക്ക് ഹ്രസ്വകാലത്തേക്ക് അടിസ്ഥാന പരിശീലനം നല്‍കുക, മികവു പുലര്‍ത്തുന്നവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുക എന്നിവയിലൂടെ പുതുകായിക സംസ്‌കാരം വളര്‍ത്തുക, ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, എ.ഡി.എം. ഷൈജു പി. ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഷൈന്‍ എന്‍. പി., ജില്ലാ സ്‌പോര്‍ട്‌സ് ഓഫിസര്‍ ഇന്‍ ചാര്‍ജ് ദീപ്തി മരിയ ജോസ്, കളേ്രക്ടറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാമ്പയിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നേതൃത്വത്തില്‍ ജില്ലയില്‍ 71 കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് 10 ദിവസത്തെ പരിശീലനം നല്‍കി വരുന്നുണ്ട്. ഈ കേന്ദ്രങ്ങളിലും ഐ. ഡി. എ. ഗ്രൗണ്ടിലും സമാന പരിപാടി സംഘടിപ്പിച്ചിരുന്നു. ഐ.ഡി.എ. ഗ്രൗണ്ടില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലോകകപ്പ് മത്സരം തുടങ്ങുന്നത് മുതല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നേതൃത്വത്തില്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനവും ഒരുക്കാനുദ്ദേശിക്കുന്നുണ്ട്.