നടത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു
റവന്യൂ വകുപ്പ് പൂർണമായി ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഘട്ടംഘട്ടമായി വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുകയാണെന്നും ഇതുവഴി വില്ലേജ് ഓഫീസുകളെ കൂടുതൽ ജനകീയവും സുതാര്യവുമാക്കുമെന്നും മന്ത്രി കെ രാജൻ. നടത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒല്ലൂർ മണ്ഡലത്തിലെ ഭൂരിഭാഗം വില്ലേജ് ഓഫീസുകളും സ്മാർട്ടായി എന്നത് സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു. പാണഞ്ചേരി, പീച്ചി, ഒല്ലൂക്കര എന്നീ വില്ലേജ് ഓഫീസുകൾ ഇതിനോടകം സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആയെന്നും മാടക്കത്തറ, മുളയം, മാന്ദാമംഗലം എന്നിവടങ്ങളിൽ സ്മാർട്ട് വില്ലേജിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു. ഒല്ലൂർ, കൂർക്കഞ്ചേരി പഞ്ചായത്തുകൾക്ക് പുതിയ വില്ലേജ് ഓഫീസ് കെട്ടിടം അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സർക്കാറിന്റെ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതികളിൽ ഉൾപെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് രണ്ട് നിലകളിലായി നടത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം പണി കഴിപ്പിച്ചത്. ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസർ റൂം, ഓഫീസ് റൂം, വരാന്ത, റെക്കോർഡ് റൂം, ഡൈനിങ്ങ് റൂം, സ്റ്റാഫുകൾക്കു വേണ്ടിയും അംഗപരിമിതർക്കു വേണ്ടിയും പ്രത്യേകം ടോയ്ലറ്റ് സൗകര്യം, കൂടാതെ ഓഫീസിലേക്കാവശ്യമായ ഫർണിച്ചറുകൾ എന്നിവ ഉൾപ്പടെ 1312 സ്ക്വയർ ഫീറ്റ് വരുന്ന കെട്ടിടം കേരള സ്റ്റേറ്റ് നിർമ്മിതി കേന്ദ്രമാണ് നിർമ്മിച്ചത്.
ജില്ലാ കളക്ടർ ഹരിത വി കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടർ മുഹമ്മദ് ഷഫീഖ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, കേരള സ്റ്റേറ്റ് നിർമ്മിതി കേന്ദ്രം റീജിയണൽ എഞ്ചിനീയർ എ എം സതീദേവി, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.