കേരള എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ബത്തേരി താലൂക്ക് ആശുപത്രി, നഗരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ ലോക എയ്ഡ്‌സ് ദിനചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഹാളില്‍ നടന്നു. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സന്‍ ടി.കെ രമേശ് അധ്യക്ഷത വഹിച്ചു. റെഡ് റിബണ്‍ ക്യാമ്പയിനിന്റെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് നിര്‍വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാമില ജുനൈസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ സേനന്‍ മുഖ്യപ്രഭാഷണം നടത്തി.

ദിനാചരണത്തിന്റെ ഭാഗമായി ബത്തേരി കോട്ടക്കുന്നില്‍ നിന്നും നഗരസഭയിലേക്ക് നടത്തിയ ബോധവത്ക്കരണ റാലി ബത്തേരി തഹസില്‍ദാര്‍ വി.കെ ഷാജി ഫ്ളാഗ് ഓഫ് ചെയ്തു.
ആരോഗ്യ വകുപ്പ് ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. വിനായക നഴ്സിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ്, ബോധവത്ക്കരണ സ്‌കിറ്റ്, വയനാട് നാട്ടുകൂട്ടം കലാകാരന്‍മാര്‍ അവതരിപ്പിച്ച കുറുവരശു കളി എന്നിവ ചടങ്ങിന് മിഴിവേകി.

ജില്ലയില്‍ 237 പേര്‍ ‘ആര്‍ട്ട്’ (ആന്റി റെട്രോ വൈറല്‍ തെറാപ്പി) ചികിത്സയിലൂടെ എച്ച്.ഐ.വിക്കെതിരെ മരുന്ന് എടുക്കുന്നുണ്ട്.
2022 വര്‍ഷത്തില്‍ ആര്‍ട്ട് സെന്ററില്‍ 35 പുതിയ എച്ച്.ഐ.വി പോസിറ്റീവ് കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030 നകം പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങള്‍. കേരളം ഈ ലക്ഷ്യം 2025 ല്‍ കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞു.

പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിന് 2025 ആകുമ്പോഴേക്കും 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ ആദ്യത്തെ 95 എന്നത് എച്ച്.ഐ.വി ബാധിതരായ ആളുകളിലെ 95 ശതമാനം ആളുകളും അവരുടെ എച്ച്.ഐ.വി അവസ്ഥ തിരിച്ചറിയുക എന്നുള്ളതാണ്. രണ്ടാമത്തെ 95 എന്നുള്ളത് എച്ച്.ഐ.വി. അണുബാധിതരായി കണ്ടെത്തിയ ആളുകളിലെ 95 ശതമാനവും എ.ആര്‍.ടി. ചികിത്സയ്ക്ക് വിധേയരാകുക എന്നതാണ്.

ഇവരിലെ 95 ശതമാനം ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ 95 കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനനുസരിച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ”ഒന്നായ് തുല്ല്യരായ് തടുത്തു നിര്‍ത്താം” എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം. നഗരസഭ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിഷ, ജില്ലാ എയ്ഡ്‌സ് കണ്ട്രോള്‍ ഓഫീസര്‍ ഡോ. കെ.വി സിന്ധു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സേതുലക്ഷ്മി, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, മെഡിക്കല്‍ ഓഫീസര്‍ ഡോ. നിഖില പൗലോസ്, ടെക്നിക്കല്‍ അസിസ്റ്റന്‍ഡ് കെ.എം ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.