കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ദന്തസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ലഘു ചിത്രങ്ങളുടെ സംപ്രേഷണം ആരംഭിക്കുന്നു. കൈറ്റ് വിക്ടേഴ്‌സും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) തിരുവനന്തപുരം വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ദന്തസംരക്ഷണത്തിന്റെ ആവശ്യകത, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ദന്തശുചീകരണം നടത്തേണ്ട രീതി തുടങ്ങിയവയാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ ദിവസവും ഓരോ രണ്ട് മണിക്കൂർ ഇടവിട്ട സമയങ്ങളിലായാണ് സംപ്രേഷണം. ഇതിനു മുന്നോടിയായി ഈ ലഘുചിത്രങ്ങളുടെ പ്രകാശനം കൈറ്റ് വിക്ടേഴ്‌സ് സ്റ്റുഡിയോയിൽവച്ച് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് നിർവഹിച്ചു. ഐ.ഡി.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. പ്രമോദ് പി.എസ്, വൈസ് പ്രസിഡന്റ് ഡോ. അസീം ഹസാലി, കൈറ്റ് വിക്ടേഴ്‌സ് പ്രൊഡ്യൂസർ  ശ്രീജിത്ത് സി.എസ്. എന്നിവർ സംബന്ധിച്ചു.