മഹാമാരിയുടെ കാലങ്ങൾ കടന്ന് അതിജീവനത്തിൻ്റെ പുതിയ ഈണങ്ങളുമായി ഗദ്ദിക എൻ ഊരിൻ്റെയും താളമായി. ‘ഞങ്ങ’ ഗോത്രാത്സവ വേദിയാണ് ഗദ്ദിക അവതരണം കൊണ്ട് ശ്രദ്ധേയമായത്. അനുഷ്ഠാന കലയിൽ ശ്രേഷ്ഠമായ ഗദ്ദിക നാടിൻ്റെ ഐശ്വര്യത്തിനും മഹാമാരിയെ നാടുനീക്കാനുമായി വയനാട്ടിലെ അടിയ വിഭാഗക്കാർ പിന്തുടരുന്ന അനുഷ്ഠാനമാണ്. കാലത്തിനൊപ്പം മാഞ്ഞു പോകുമായിരുന്ന ഈ ഗോത്ര സംസ്കൃതിയെ പുതിയ കാലത്തിനായി അരങ്ങിലെത്തിക്കുകയാണ് തൃശ്ശിലേരി പി.കെ. കാളൻ ഗദ്ദിക കലാ പഠന ഗവേഷണ കേന്ദ്രം. സ്ത്രീ വേഷം കെട്ടിയ പുരുഷ കലാകാരൻമാർ ലിപിയില്ലാത്ത അടിയഭാഷയുടെ ചുവടുകളോടെ അരങ്ങുണർത്തി. അന്യനാട്ടിൽ നിന്നും എൻ ഊരിൽ എത്തിയ സഞ്ചാരികൾക്കും ഇത് വേറിട്ട അനുഭവമായി. തൃശ്ശിലേരിയിലെ സി.കെ. ബിനുവിൻ്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് ഗദ്ദികയുമായി എൻ ഊരിൽ എത്തിയത്. പണിയ സമുദായത്തിൻ്റെ വട്ടക്കളി, കമ്പള നൃത്തം, നാട്ടിപ്പാട്ട് , നാടൻപാട്ട് എന്നിവയുമായാണ് കണിയാമ്പറ്റ എം.ആർ.എസിലെ വിദ്യാർത്ഥികൾ ഞങ്ങയുടെ അരങ്ങിൽ ശ്രദ്ധേയമായത്. എൻ ഊരിൽ ആദ്യമായി നടക്കുന്ന ഗ്രാത്ര ഫെസ്റ്റ് നാടൻ കലാ രൂപങ്ങളുടെയും ഗോത്ര സംസ്കൃതിയുടെയും നേർക്കാഴ്ചയാണ്. പാരാമ്പര്യത്തിൻ്റെ ഇറതാണ കുടിലുകൾ അതിരിടുന്ന വൈത്തിരിക്കുന്നുകൾക്കിടയിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഗോത്രോത്സവം കാണാനും തിരക്കേറുകയാണ്.
