മുർണൗ ചിത്രം നൊസ്ഫെറാതുവിനു പുതിയ കാഴ്ചാനുഭവമൊരുക്കി ജോണി ബെസ്റ്റിന്റെ തത്സമയ സംഗീതം. ടാഗോർ തിയേറ്റർ തിങ്ങി നിറഞ്ഞ കാണികളെ വിസ്മയിപ്പിച്ച ലൈവ് സംഗീതത്തിന് കാണികളുടെ നിറഞ്ഞ കൈയ്യടി. ഇറാനിയൻ ചിത്രം ലൈലാസ് ബ്രദേഴ്‌സ് ,മത്സര വിഭാഗത്തിലെ മലയാളചിത്രം അറിയിപ്പ്, ഉക്രൈൻ ചിത്രം ക്ളോണ്ടൈക് , റൂൾ 34 തുടങ്ങിയ ചിത്രങ്ങളേയും ശനിയാഴ്ച കാണികൾ നിറഞ്ഞ കൈയ്യടിയോടെ വരവേറ്റു.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് കാണാൻ ചിത്രത്തിലെ നായകനായ കുഞ്ചാക്കോ ബോബൻ , നായിക ദിവ്യ പ്രഭ , ഉണ്ണിമായ തുടങ്ങിയവരും എത്തി. ക്ളോണ്ടൈക്കിന്റെ പ്രദർശനത്തിനൊപ്പവും  കാണികളോട് സംവദിക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ  എത്തിയിരുന്നു .ഇന്ത്യയുടെ ഓസ്കാർ പ്രതീക്ഷ ചെല്ലോ ഷോയും നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്.

മുഹിദ്ദിൻ മുസാഫിറിന്റെ തജികിസ്താൻ ചിത്രം ഫോർച്യൂൺ, മാഴ്‌സെലോ ഗോമസിന്റെ പലോമ, റൂബൻ ഓസ്ലൻഡിന്റെ ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ് ,സ്വിഗാറ്റോ തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകപ്രീതി നേടി.