കോഴിക്കോട് ഇനി ആഘോഷ നാളുകള്‍. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന് തിരശീലയുയര്‍ന്നു. ജലോത്സവത്തിന്റെ കര്‍ട്ടന്‍ റെയിസറായി അരങ്ങേറിയ ഗൗരി ലക്ഷ്മി ലൈവ് ഷോ കാണാന്‍ നല്ലൂര്‍ ഇ കെ നായനാര്‍ സ്റ്റേഡിയത്തിലെത്തിയത് ആയിരങ്ങള്‍. ‘കൈതോലപ്പായ വിരിച്ച് ‘ തുടങ്ങിയ നാടന്‍ പാട്ടുകളുടെ ശീലുകള്‍ ഉയര്‍ന്നപ്പോള്‍ കാണികള്‍ ആവേശത്തോടെ താളം പിടിച്ചു. ഫാസ്റ്റ് നമ്പറുകളും, പഴയകാല സിനിമാ ഗാനങ്ങളും കോര്‍ത്തിണക്കിയ ലൈവ് ഷോ ആളുകളെ ആഹ്ലാദത്തിമിര്‍പ്പിലാക്കി.

ഡിസംബര്‍ 24 മുതല്‍ 28 വരെ ബേപ്പൂര്‍, ചാലിയം എന്നിവിടങ്ങളിലാണ് ജലോത്സവം നടക്കുക. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി ടി പി സി യും സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ഫറോക്ക് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം സമീഷ്, ജില്ലാ വികസന കമ്മീഷണര്‍ എം എസ് മാധവിക്കുട്ടി, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജി അഭിലാഷ്, ടൂറിസം വകുപ്പ് സെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ഷൈന്‍, കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ സജീവ്, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എല്‍ യു അഭിത്, വളണ്ടിയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ ഷഫീഖ്, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനര്‍ ജയദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.