സാക്ഷരതാ പ്രോഗാമിന്റെയും ന്യൂട്രിമിക്‌സ് സംരംഭകര്‍ക്കുള്ള ജില്ലാതല ശില്‍പശാലയുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

ജില്ലയില്‍ മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതാന്‍
വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറം നഗരസഭ ബസ്സ്റ്റാന്‍ഡ് ഹാളില്‍ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ.ആര്‍ ബിന്ദു നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന പത്താം തരം, പന്ത്രണ്ടാം തരം തുല്യത പരീക്ഷ എഴുതുന്നതിന് സി.ഡി.എസ് തനത് ഫണ്ടില്‍ നിന്നും ഫീസ് ഇനത്തില്‍ അടച്ച 13,05650 രൂപ സാക്ഷരത മിഷന് മന്ത്രി കൈമാറി.

ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ഇതിന്റെ തുടച്ചയായി മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന മറ്റു വകുപ്പുകളുടെ സഹകരണത്തോടെയും സ്പോണ്‍സര്‍ഷിപ്പ് കണ്ടെത്തിയും 30 വയസിന് താഴെയുള്ള മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും എസ്എസ്എല്‍സി പരീക്ഷ എഴുതിക്കാന്‍ അനൗപചാരിക വിദ്യാഭ്യാസം നല്‍കുന്ന തനത് പരിപാടിയുടെ പ്രൊപ്പോസല്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ സാക്ഷരതാ മിഷനു സമര്‍പ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെയും കേരള സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെയും നേതൃത്വത്തില്‍ ന്യൂട്രിമിക്‌സ് സംരംഭകരുടെ സംഗമവും കണ്‍സോഷ്യത്തിന്റെ ജനറല്‍ബോഡി യോഗവും പരിപാടിയില്‍ നടന്നു. ജില്ലയിലെ 42 ന്യൂട്രിമിക്‌സ് യൂണിറ്റുകളില്‍ നിന്ന് 224 അംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.

സമാനതകളില്ലാത്ത സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ സാമൂഹിക ഇടപെടലുകളിലൂടെ പ്രാദേശിക ശാക്തീകരണത്തിനും വികസനത്തിനും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബശ്രീയുടെ പങ്ക് ചെറുതല്ല. സ്ത്രീയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും കുട്ടികളുടെയും സ്ത്രീകളുടെയും പോഷാകഹാരം ഉറപ്പാക്കുന്നതിനും സംസ്ഥാനത്തെ വിശപ്പ്‌ രഹിത കേരളം എന്ന ഖ്യാതി വര്‍ധിപ്പിക്കുന്നതിന് ആരംഭിച്ച ന്യൂട്രിമിക്‌സ് പദ്ധതി കുടുംബശ്രീ പ്രവര്‍ത്തകരുടെയും അങ്കണവാടി പ്രവര്‍ത്തകരുടെയും മറ്റൊരു നേട്ടത്തിന് ഉദാഹരണമാണ്. ഇത്തരത്തില്‍ 42 ന്യൂട്രിമിക്‌സ് യൂണിറ്റുകളിലായി 258 സംരംഭകരാണ് പ്രവര്‍ത്തിക്കുന്നത്.

സ്ത്രീ ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ പുതിയ സാക്ഷരതാ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സാമൂഹ്യ പുരോഗതിക്കും കാര്യക്ഷമമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താനും വിദ്യാഭ്യാസം അനിവാര്യമാണ്. അക്ഷരാഭ്യാസമില്ലാത്ത എത്രയോ പേര്‍ക്ക് പേരെഴുതാനും ഒപ്പിടാനും കണക്കുകള്‍ കൂട്ടാനും പഠിപ്പിക്കാന്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് കഴിഞ്ഞെങ്കില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ തുടര്‍പഠനമെന്ന സ്വപ്നസാക്ഷാത്ക്കാരത്തിന് കരുത്തേകാന്‍ പ്രാദേശിക സര്‍ക്കാരുകളുടേയും ഇതര വകുപ്പുകളുടേയും സഹകരണത്തോടെയുള്ള പുതിയ സാക്ഷരതാ പദ്ധതിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത് പദ്ധതി വിശദീകരിച്ചു. സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അംഗം കെ.ദിലീപ് കുമാര്‍, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ എം. മുഹമ്മദ് ബഷീര്‍ എന്നിവര്‍ ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുജീബ് കാടേരി, എഡിഎം എന്‍.എം മെഹറലി, സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അംഗങ്ങളായ വി. രമേശന്‍, എം. വിജയലക്ഷ്മി, അഡ്വ.പി വസന്തം, ഫുഡ് സേഫ്റ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ബൈജു.പി.ജോസ്ഫ്, ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍.മിനി, ജില്ലാ വനിത ശിശുവികസന പ്രോഗ്രാം ഓഫീസര്‍ ബി.എസ് അനിതാദീപ്തി, ന്യൂട്രിമിക്‌സ് വെല്‍ഫെയര്‍ കമ്മിറ്റി കണ്‍സോര്‍ഷ്യം സെക്രട്ടറി പി. ഉമ്മുസല്‍മ, ജില്ലാ പ്രോഗ്രാ മാനേജര്‍മാരായ ഹസ്‌കര്‍, റൂബിരാജ്, കെ.ടി ജിജു എന്നിവര്‍ സംസാരിച്ചു. ഭക്ഷ്യ സുരക്ഷ നിയമവുമായി ബന്ധപ്പെട്ട് മുന്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ ബി രാജേന്ദ്രനും, മുഹമ്മദ് ജാഫര്‍ ഫുഡ് സേഫ്റ്റി നിയമവും ക്ലാസെടുത്തു.