കോൾ പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് ചിമ്മിനി റഗുലേറ്റർ വഴി പുറത്തേയ്ക്ക് വിടുന്ന വെള്ളം നിയന്ത്രിക്കാൻ ഇറിഗേഷൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വെള്ളത്തിന്റെ ഒഴുക്ക് തടയുന്ന കുളവാഴ, ചണ്ടി എന്നിവ അടിയന്തരമായി നീക്കം ചെയ്യാനും റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ചേർന്ന തൃശൂർ – പൊന്നാനി കോൾ വികസന അതോറിറ്റിയുടെ യോഗത്തിൽ തീരുമാനിച്ചു.
പാടശേഖരങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ, റീബിൽഡ് കേരള ഇനീഷേറ്റിവ് (ആർ.കെ.ഐ.) പദ്ധതികൾ എന്നിവ യോഗത്തിൽ അവലോകനം ചെയ്തു. റീബിൽഡ് കേരള ഇനീഷേറ്റീവിന്റെ ഭാഗമായി കെഎൽഡിസി ടെണ്ടർ സേവിംഗ് തുക 46 കോടിയുടെ വിനിയോഗം ചർച്ചയിൽ അംഗീകരിച്ചു. തൃശൂർ ജില്ലയ്ക്ക് 26 കോടി രൂപയും പൊന്നാനിക്ക് 20 കോടി രൂപയും വകയിരുത്തി ഫണ്ട് വിനിയോഗിക്കാൻ തീരുമാനിച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എംഎൽഎമാരായ മുരളി പെരുന്നെല്ലി, സേവ്യർ ചിറ്റിലപ്പള്ളി, ജില്ലാ കലക്ടർ ഹരിത വി കുമാർ, ഓൺലൈനായി മലപ്പുറം ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ, കൃഷി വകുപ്പ് ലിയേസൺ ഓഫീസർ എ ജെ വിവേൻസി, കെഎൽഡിസി എൻജിനീയർ ശാലിനി, കർഷക പ്രതിനിധികളായ ജ്യോതി ഭാസ്, പി ആർ വർഗീസ്, കോൾ കർഷക പ്രതിനിധികളായ ജ്യോതി ഭാസ്, പി ആർ വർഗീസ്, കൊച്ചുമുഹമ്മദ്, തൃശൂർ, മലപ്പുറം ജില്ലകളിലെ ജലസേചനം, കെഎസ്ഇബി, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.