ബേപ്പൂര്‍ ഇന്റർനാഷണൽ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ‘അർണവേഷ്’ കപ്പല്‍ കാണാന്‍ നിരവധി വിദ്യാര്‍ത്ഥികള്‍ എത്തി. ആദ്യമായി കപ്പലില്‍ കയറിയതിന്റെ ആകാംക്ഷയും സന്തോഷവും പലരുടെയും മുഖത്ത് തെളിഞ്ഞു. എസ്.പി.സി, എൻ.എസ്.എസ്, എൻ.സി.സി വിദ്യാർത്ഥികളോടൊപ്പം പരിമിതികളെ വക വെക്കാതെ ഭിന്നശേഷി വിദ്യാർത്ഥികളും ചേർന്നപ്പോൾ കാഴ്ചയുടെ മനോഹാരിത പതിന്മടങ്ങ് വർധിച്ചു.
‘അർണവേഷ്’ കാണാന്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേക സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. കുട്ടികള്‍ക്ക് സഹായവുമായി കോസ്റ്റ് ഗാര്‍ഡ് അംഗങ്ങളും ഉണ്ടായിരുന്നു. മണ്ഡലത്തിലേതുള്‍പ്പടെയുള്ള പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നവരാണ് കുട്ടികള്‍.
കോസ്റ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ പരിചയപ്പെടുത്താനും കപ്പലിന്റെ ഉള്‍ക്കാഴ്ചകള്‍ കാണാനും അവസരം ഒരുക്കുന്നതിന് പുറമേ നാവികസേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനുമാണ് ബേപ്പൂരില്‍ കപ്പല്‍ പ്രദര്‍ശനം നടത്തുന്നത്. നാവികസേനയുടെ സുരക്ഷാ സജ്ജീകരണങ്ങളടക്കം പ്രദർശനത്തിൽ ഉൾപ്പെടുന്നു. പോര്‍ട്ട് ഓഫീസര്‍ അശ്വനി പ്രതാപ് നേതൃത്വം നൽകി. കോസ്റ്റൽ പോലീസ് പരിപാടിയുടെ നടത്തിപ്പും സുരക്ഷാ ക്രമീകരണങ്ങളും നടത്തി.