സി-ആപ്റ്റിന് (സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്) ആധുനിക അച്ചടിയന്ത്രം വാങ്ങുന്നതിന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്  20 കോടി രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കളർ വെബ് ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീൻ വാങ്ങാൻ വായ്പയായാണ് തുക നൽകുക.

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ സി- ആപ്റ്റിന് വകുപ്പിന്റെ ആവശ്യപ്രകാരമാണ് തുക അനുവദിക്കാൻ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർക്ക് അനുമതി നല്കി സർക്കാർ ഉത്തരവായത്. സി-ആപ്റ്റിന് ഭാഗ്യക്കുറി വകുപ്പ് നൽകുന്ന വാർഷിക അച്ചടിക്കൂലിയിൽ നിന്ന് ഏഴു വർഷം കൊണ്ട് വായ്പ തിരിച്ചടക്കുമെന്നും മന്ത്രി പറഞ്ഞു.