ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഡിജിറ്റൽ ഇന്ത്യ അവാർഡ് കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി പി.വി. ഉണ്ണിക്കൃഷ്ണൻ ഏറ്റുവാങ്ങി. ന്യൂഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌കാരം സമ്മാനിച്ചത്. സ്റ്റാർട്ടപ്പുകളുമായി സഹകരിച്ചുള്ള ഡിജിറ്റൽ സംരംഭങ്ങൾ എന്ന വിഭാഗത്തിലാണ് കെ.കെ.ഇ.എം പോർട്ടലായ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം പുരസ്‌കാരത്തിന് അർഹമായത്.
ആഗോള തൊഴിൽ മേഖലയിലും തൊഴിലിടങ്ങളിലും വരുന്ന മാറ്റങ്ങൾ, തൊഴിൽ സേനയിൽ വരുന്ന വ്യതിയാനങ്ങൾ എന്നിവ കണക്കിലെടുത്ത് യുക്തമായ ഒരു തന്ത്രം ആവിഷ്‌കരിക്കുക എന്ന ചുതല മുൻനിർത്തി അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ പരിഹരിക്കുക, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പോർട്ടലാണ് ഡി.ഡബ്ല്യൂ.എം.എസ് അഥവാ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം. അടുത്ത ഘട്ടമായി തൊഴിലിന് ആവശ്യമായ വായ്പകൾ, അപ്രന്റിഷിപ്പുകൾ, ഇന്റേൺഷിപ്പുകൾ തുടങ്ങിയവ ലഭ്യമാക്കുക. അതോടൊപ്പം വർക്ക് ഫ്രം ഹോം വർക്ക് നിയർ ഹോം തുടങ്ങിയ സൗകര്യങ്ങളും തൊഴിൽ അന്വേഷകർക്ക് ഇൻഷുറൻസ്, പി.എഫ് അടക്കമുള്ള ആനുകൂല്യങ്ങളും നൽകുക എന്നി പോർട്ടൽ ലക്ഷ്യമിടുന്നു.
തൊഴിലന്വേഷകരുടെ സൈക്കോമെട്രി വിശകലനം, കരിയർ പ്രൊഫൈലിങ്, ഭാഷാ പരിശീലനം, വ്യക്തിത്വ വികസനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ മെഷീൻ ലാംഗ്വേജ് അധിഷ്ഠിത തൊഴിൽ പൊരുത്തപ്പെടുത്തൽ, വർക്ക് ഫ്രം ഹോം/ വർക്ക് നിയർ ഹോം തുടങ്ങിയ സംവിധാനങ്ങൾ പോർട്ടലിൽ ലഭ്യമാണ്. നിലവിൽ 11.35 ലക്ഷം തൊഴിലന്വേഷകർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ 3,54,759 ഒഴിവുകൾ ഇതുവരെ സമാഹരിച്ചിട്ടുണ്ട്.