യുവാക്കളുടെ കഴിവുകൾ സമൂഹ നിർമിതിക്കാണ് വിനിയോഗിക്കേണ്ടതെന്ന് സാംസ്‌കാരിക,യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലഹരി, അന്ധവിശ്വാസം പോലുള്ള വിപത്തുകൾക്കെതിരെ പ്രതിരോധം തീർക്കേണ്ടവരാണ് യുവാക്കളെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനുവരി 12 ദേശീയ യുവജന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസഥാന യുവജന കമ്മിഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസത്തിലൂടെ മാത്രമാണ് മനുഷ്യന് പൂർണത ലഭിക്കുന്നതെന്നും വിദ്യാസമ്പന്നരായ യുവാക്കൾ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നതിന് പകരം സ്വന്തം ദേശത്തിന്റെ ഉന്നതിയ്ക്കായി പ്രവർത്തിക്കുകയും വളരുകയും വേണമെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രാവബോധവും യുക്തിചിന്തയും നഷ്ടമായി സമൂഹം അനാചാരങ്ങളുടെ പിടിയിലാകുന്നത് സമൂഹ പുരോഗതിയ്ക്ക് ഗുണം ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഇ.എം.എസ്. മെമ്മോറിയൽ പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനവും കലാപരിപാടികളും നടന്നു.
യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം അധ്യക്ഷയായി. എ എ റഹീം എം പി, സിനിമാ താരം പ്രിയങ്കാ നായർ എന്നിവർ മുഖ്യാതിഥികളായി. യുവജന കമ്മിഷൻ സെക്രട്ടറി ഡാർലി ജോസഫ്, അണ്ടർ സെക്രട്ടറി അജിത് കുമാർ, പ്രകാശ് പി ജോസഫ്, യുവജന കമ്മിഷൻ അംഗങ്ങളായ കെ.പി പ്രമോഷ്, അഡ്വ. ആർ രാഹുൽ, വിനിൽ വി, സമദ് പി എ തുടങ്ങിയവർ പ്രസംഗിച്ചു.