തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്മാരുടെയും നിർവ്വഹണ ഉദ്യോഗസ്ഥരുടെയും ശില്പശാല നടന്നു. ജില്ലാ ആസൂത്രണ ഹാളിൽ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

അടുത്ത രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള പദ്ധതികളുടെ അവതരണവും പൂർത്തിയാക്കിയ പദ്ധതികളുടെ അവലോകനവുമാണ് ശില്പശാലയിൽ നടന്നത്. സമേതം ജോ. കോഡിനേറ്റർ വി മനോജ്‌ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻമാരായ എം കെ ബാബു (തളിക്കുളം), വത്സമ്മ ടീച്ചർ (മതിലകം ബ്ലോക്ക് പഞ്ചായത്ത്), ദേവിക ദാസൻ (കൈപ്പമംഗലം), സുലൈഖ ജമാൽ (വാടാനപ്പള്ളി) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ചരിത്രാന്വേഷണ യാത്രകൾ, പച്ചത്തുരുത്ത്, അമ്മവായന,പെൺകുട്ടികൾക്കുള്ള ക്യാമ്പുകൾ, ശാസ്ത്രകോൺഗ്രസ്‌, വിദ്യാഭ്യാസ സമിതികൾ, കുട്ടികളുടെ ഗ്രാമസഭ, ഫിലിം ക്ലബ്‌, തിയേറ്റർ വർക്ക് ഷോപ്പ് തുടങ്ങിയ പദ്ധതികളാണ് ഈ വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.എ വി വല്ലഭൻ അധ്യക്ഷനായി. ആസൂത്രണ സമിതി വിദഗ്ദ അംഗം ഡോ.എം എൻ സുധാകരൻ, ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, ജില്ലാ പ്ലാനിങ്ങ് ഓഫീസർ ശ്രീലത, ഡെപ്യൂട്ടി പ്ലാനിങ്ങ് ഓഫീസർ സുമ, അസി. പ്ലാനിങ്ങ് ഓഫീസർ രത്നേഷ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ.എം ശ്രീജ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ശശിധരൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ സ്വാഗതവും ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ കെ അജിതകുമാരി നന്ദിയും പറഞ്ഞു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ബി പി സി മാർ എന്നിവരും പങ്കെടുത്തു.