കോട്ടയം ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോര്‍ക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നു. തിരുനക്കര മൈതാനത്തിനു സമീപമുളള എസ്.ബി.ഐ. കോട്ടയം ടൗണ്‍ ബ്രാഞ്ച് ശാഖയിലാണ് വായ്പാ മേള. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങിവന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. പ്രവാസി പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (എൻ.ഡി.പി.ആർ.ഇ.എം.) പ്രകാരമാണ് വായ്പാ മേള.
പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസി സംരംഭകര്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org-ലെ ndprem ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദവിവരത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് 0471-2770500 (പ്രവൃത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാം.
മേളയില്‍ പങ്കെടുക്കാനെത്തുന്ന സംരംഭകര്‍ സംരംഭകന്റെയും, സംരംഭകപങ്കാളിയുടെയും ആധാര്‍, പാന്‍ കാര്‍ഡ്, പാസ്സ്‌പോര്‍ട്ട്, വോട്ടര്‍ ഐ.ഡി എന്നിവയും പാസ്സ്‌പോര്‍ട്ട് സൈസ്സ് ഫോട്ടോയും കൈയിൽ കരുതണം. സംരംഭം തുടങ്ങുന്ന കെട്ടിടത്തിന്റെയോ, കടയുടെയോ വാടക, പാട്ടകരാറിന്റെ പകർപ്പ്, കോര്‍പ്പറേഷന്‍ അല്ലെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ലൈസന്‍സ്, ഉദ്യം രജിസ്‌ട്രേഷന്‍, ജി.എസ്.ടി സര്‍ട്ടിഫിക്കറ്റ് ( ലഭ്യമായിട്ടുണ്ടെങ്കില്‍) , സംരംഭത്തിനായി ഉപകരണങ്ങളോ വാഹനങ്ങളോ വാങ്ങിയിട്ടുണ്ടെങ്കില്‍ അവയുടെ നികുതി രസീതോ, ക്വട്ടേഷനോ, പദ്ധതിയുടെ രൂപരേഖ അല്ലെങ്കില്‍ വിശദാംശങ്ങള്‍ എന്നിവയും കരുതേണ്ടതാണ്.
പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്നു ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.
തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴിലോ, ബിസിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോര്‍ക്ക റൂട്ട്‌സ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി. സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ ശാഖകള്‍ വഴി ലഭ്യമാണ്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.