സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുന്നതിനും അവരെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ഇടപെടലുകള്‍ ആരംഭിക്കേണ്ടത് വീടുകളില്‍ നിന്നാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പെണ്ണിടം വനിതാ സാംസ്‌കാരീകോത്സവത്തിന്റെ ഭാഗമായി ‘സ്ത്രീ സംരക്ഷണ നിയമങ്ങള്‍’ എന്ന വിഷയത്തില്‍ സംഘടപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി. സതിദേവി.

ഉപഭോഗ വസ്തു മാത്രമായി സ്തീയെ കാണുന്ന മനോഭാവം മാറ്റിയെടുക്കണം. പെണ്‍കുട്ടികളെ സഹജീവികളായി കാണുന്നതിനുള്ള ആദ്യഘട്ട പരിശീലനം ആണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടത് വീടുകളില്‍ നിന്നാകണം. സ്ത്രീകള്‍ക്ക് തനതായ വ്യക്തിത്വമുണ്ടെന്ന് അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്താനാവശ്യമായ ഇടപെടലുകള്‍ നടത്തുക സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ഗ്രാമാന്തരീക്ഷം കൂടുതല്‍ സ്ത്രീ സൗഹൃദമാകണമെന്നും അവര്‍ കൂട്ടിചേര്‍ത്തു. പൊന്നാനി ബ്ലോക്ക് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

എസ്.പി.സി മലപ്പുറം ലീഗല്‍ കൗണ്‍സിലര്‍ അഡ്വ.ടി.ജെ രൂപ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ആരിഫാ നാസര്‍, വൈസ് പ്രസിഡന്റ് അഡ്വ. ഗായത്രി, വനിതാ കമ്മീഷന്‍ അംഗം അഡ്വ ഇന്ദിര രവീന്ദ്രന്‍, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്ങില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.