കലയാണ് ലഹരിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിദ്യാർത്ഥികൾ കോഴിക്കോട് ബീച്ചിൽ ‘ലഹരിയില്ലാ തെരുവി’ന്റെ ഭാഗമായി. എക്സൈസ് വകുപ്പ് കേരള വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിയില്ലാ തെരുവ് പരിപാടി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മദ്യം,മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരികൾക്ക് പകരം കലയെ ലഹരിയാക്കാം എന്ന സന്ദേശം ഉൾക്കൊള്ളുന്ന പരിപാടികളായിരുന്നു വിദ്യാർഥികൾ അവതരിപ്പിച്ചത്. ഫ്ലാഷ് മോബും സംഘഗാനവും നാടകവുമെല്ലാം അടങ്ങിയ കലാസന്ധ്യ ആസ്വദിക്കാൻ നിരവധിയാളുകളാണ് ബീച്ചിലേക്കെത്തിയത്. നൃത്താവിഷ്കാരവും പുലികളിയും ബാൻഡ് മേളവും കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി.

നാലു വേദികളിലായി നടന്ന കലാസന്ധ്യയിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 400 ഓളം കലാകാരന്മാർ അണിനിരന്നു.
ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ് വിദ്യാർത്ഥികൾ എത്തിയത്.

ജില്ലാ ഭരണകൂടം, ഐ ആന്റ് പി ആർ ഡി, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പ്, കോഴിക്കോട് കോർപ്പറേഷൻ, പൊതുമരാമത്ത് വകുപ്പ്, ഡിടിപിസി, എസ് പി സി, എൻ സി സി, എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവർ ചേർന്ന് സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ, വിമുക്തി മാനേജർ എ.ജെ ബെഞ്ചമിൻ, ജില്ലാ വിമുക്തി കോഡിനേറ്റർ പ്രിയ ഇ, എന്നിവർ സംസാരിച്ചു. പരിപാടികളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 94 മാരത്തൺ ഓട്ടത്തിൽ പങ്കെടുത്ത ജിമ്മി ജോണിനെ പരിപാടിയോടനുബന്ധിച്ച് എക്സൈസ് വകുപ്പ് വിമുക്തി മിഷൻ ആദരിച്ചു.