ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന വൈക്കം സത്യഗ്രഹം ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിലും 603 ദിവസം നീളുന്ന ആഘോഷങ്ങളിലും ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സജീവമായി പങ്കെടുക്കും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ നടന്ന നഗരസഭ ചെയർമാൻമാരുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ഓൺലൈൻ യോഗത്തിലാണ് തീരുമാനം.
ഏപ്രിൽ ഒന്നിന് വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടിയിൽ ലക്ഷം പേർ പങ്കെടുക്കും. വൈക്കം സത്യഗ്രഹത്തിന്റെ പ്രാധാന്യം പുതുതലമുറയിലേക്ക് പകർന്നു നൽകുംവിധം ശതാബ്ദി ആഘോഷങ്ങളിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സജീവ ഇടപെടൽ നടത്തണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതല പരിപാടിയിൽ പങ്കെടുക്കുന്നതിന് കുടുംബശ്രീയുമായി ചേർന്ന് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി ഉത്തരവായി.
ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, പാലാ ആർ.ഡി.ഒ. പി.ജി. രാജേന്ദ്രബാബു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ദീഖ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, നഗരസഭ ചെയർമാൻമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.