ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ പരിശീലനം നൽകി വൈക്കം ബ്ലോക്ക് പഞ്ചായത്ത്. ഭിന്നശേഷിക്കാരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമാക്കി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. നൈപുണ്യ എന്ന പേരിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന തൊഴിൽ പരിശീലനത്തിൽ എൽഇഡി ബൾബ് നിർമാണം, റിപ്പയറിംഗ് എന്നീ തൊഴിൽ മേഖലകളിൽ ഭിന്നശേഷിക്കാരായ 40 പേർ പരിശീലനം നേടി. ടെക്നിക്കൽ സ്‌കൂൾ ഇൻസ്ട്രക്ടർമാരായ പി.പി. പോൾ, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ഭിന്നശേഷിക്കാരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ഉറപ്പാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടുവരികയാണ് പഞ്ചായത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സുഷമ സന്തോഷ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. സലില, പഞ്ചായത്ത് അംഗങ്ങളായ എം.കെ. ശീമോൻ, എം.കെ. റാണി മോൾ, ബ്ലോക്ക് സെക്രട്ടറി കെ. അജിത്, വനിത ശിശു വികസന ഓഫീസർ ഡോ. കബനി, ഭിന്നശേഷി സംസ്ഥാന ഉപദേശക ബോർഡ് അംഗം കെ.കെ. സുരേഷ് എന്നിവർ പങ്കെടുത്തു.