കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഞ്ചാലുംമൂട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് വാങ്ങിയ വിവിധ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ മേയര്‍ പ്രസന്നാ ഏണസ്റ്റ് നിര്‍വ്വഹിച്ചു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവില്‍ വാങ്ങിയ ഫര്‍ണിച്ചര്‍, ഗ്രീന്‍ ബോര്‍ഡ്, വാട്ടര്‍ പ്യൂരിഫയര്‍, ലാബ് കെമിക്കല്‍സ്, ഫോട്ടോ കോപ്പിയര്‍, സ്റ്റാഫ് റൂം ഫര്‍ണിഷിങ് തുടങ്ങിയവയാണ് വിതരണം ചെയ്തത്.

നഗരസഭാ പരിധിയിലുള്ള മുഴുവന്‍ ഹൈസ്‌കൂളുകളിലും എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടാനുള്ള പദ്ധതികള്‍ക്ക് അടുത്ത അധ്യയന വര്‍ഷം മുതല്‍ തുടക്കം കുറിക്കുമെന്ന് മേയര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ നഗരസഭക്കായി. ശുചിത്വം ഉറപ്പാക്കുന്നതിന് ഭക്ഷണാവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ സ്‌കൂളുകളില്‍ തന്നെ ഒരുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ് സവിത ദേവി അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ സ്വര്‍ണമ്മ, ജി ആര്‍ മിനിമോള്‍, പ്രിന്‍സിപ്പല്‍ കുമാരി ലതിക, ഹെഡ്മിസ്ട്രസ് പ്രിയ, എല്‍ പി വിഭാഗം ഹെഡ്മിസ്ട്രസ് ഡി ശ്രീകുമാര്‍, പി ടി എ പ്രസിഡന്റ്  എസ് അനില്‍ കുമാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.