മൂടാടി ഗ്രാമപഞ്ചായത്തിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നൈറ്റ് സ്ക്വാഡ് പ്രവർത്തനമാരംഭിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റ ഭാഗമായാണ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തത്തോടെ നൈറ്റ് സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചത് .
എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ജനപ്രതിനിധികളും പൊതു പ്രവർത്തകരും അടങ്ങുന്ന സംഘം സന്ദർശിച്ച് ശുചിത്വ സന്ദേശം എത്തിക്കുമെന്ന് പഞ്ചായത്ത് തീരുമാനിച്ചിരുന്നു. വാർഡുതല ക്ലസ്റ്ററുകൾ വീടുകളിൽ സോഷ്യൽ ഓഡിറ്റിംഗ് നടത്താനും മാലിന്യങ്ങൾ നിക്ഷേപിക്കുന്ന പൊതു ഇടങ്ങൾ ജനപങ്കാളിത്തത്തോടെ വൃത്തിയാക്കാനും മാലിന്യങ്ങൾ വലിച്ചെറിയുന്നതിനും കത്തിക്കുന്നതിനുമെതിരെ നിയമ നടപടികൾ ശക്തമാക്കാനും പഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് രാത്രി കാലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ നൈറ്റ് സ്ക്വാഡ് പ്രവർത്തനം തുടരാനും നിയമ നടപടികൾ ശക്തമാക്കാനും തീരുമാനിച്ചതായി പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
മൂടാടി പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ് അസിസ്റ്റന്റ് സെക്രട്ടറി ടി.ഗിരീഷ് കുമാർ ഹെഡ് ക്ലർക്ക് രാഗേഷ്, ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവർ നേത്യത്വം നൽകി.