സാക്ഷരതാ മിഷനും തദ്ദേശഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പാക്കുന്ന സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കതിരൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.  പഞ്ചായത്തിലെ എല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്്. ഡിജിറ്റല്‍ സാക്ഷരതക്ക് സഹായങ്ങള്‍ വീട്ടുമുറ്റത്തെത്തിക്കും. കതിരൂര്‍ പഞ്ചായത്തിലാണ് ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നത്. 15 വയസ്സിനു മുകളിലുള്ള ഡിജിറ്റല്‍ നിരക്ഷരരെ കണ്ടെത്തി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഡിജിറ്റല്‍ ഉപകരണങ്ങള്‍, ആപ്പുകള്‍ എന്നിവയുടെ ഉപയോഗം പഠിപ്പിക്കുക, അവയുടെ ഗുണംദോഷം എന്നിവയെക്കുറിച്ച് അവബോധം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ട്. പദ്ധതിക്ക് മാര്‍ഗ്ഗരേഖ എന്ന നിലക്ക് കൈറ്റ് ഒരു കൈപ്പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. എന്‍എസ്എസ്, എന്‍സിസി വളണ്ടിയര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ എന്നിവരില്‍ നിന്ന് പരിശീലകരെ കണ്ടെത്തും . വിദഗ്ധ പരിശീലനം ലഭിച്ച മൂന്ന് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ജില്ലയിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കും. പഠിതാക്കളുടെ സൗകര്യമനുസരിച്ച്ഇന്‍സ്ട്രക്ടര്‍മാര്‍ വീടുകളിലെത്തി ക്ലാസുകള്‍ എടുക്കും. 12 മണിക്കൂര്‍ ക്ലാസ് ഉറപ്പാക്കി ഡിജിറ്റല്‍ സാക്ഷരതാ പരീക്ഷ നടത്തും. ഈ മാസം തന്നെ ഡിജിറ്റല്‍ സാക്ഷരതാ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ലക്ഷ്യമിടുന്നത്.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ.കെ കെ രത്‌നകുമാരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയറക്ടര്‍ എ ജി ഒലീന മുഖ്യ പ്രഭാഷണം നടത്തി.  കൈറ്റ് ചീഫ് എക്‌സി.ഓഫീസര്‍ കെ അന്‍വര്‍ സാദത്ത് പദ്ധതി വിശദീകരിച്ചു.  കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സനില്‍, വൈസ് പ്രസിഡണ്ട് സനില പി രാജ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി അസി.ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, അസി.കോ ഓര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.