ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സ്വപ്നങ്ങളെ വിരല്‍ത്തുമ്പിലെ വര്‍ണങ്ങളാക്കിയാണ് സുരേന്ദ്രന്‍ കണ്ണാടിപ്പറമ്പും ജിഷ ആലക്കോടും ചിത്രങ്ങള്‍ വരയുന്നത്. ആ ചിത്രങ്ങളില്‍ പ്രതീക്ഷയുടെ പ്രകാശവുമുണ്ട്. എന്റെ കേരളം എക്‌സിബിഷന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പാണ് ഭിന്നശേഷിക്കാരുടെ ചിത്ര പ്രദര്‍ശനവും വില്‍പനയും സംഘടിപ്പിച്ചത്. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.
ശാരീരിക പരിമിതികളുള്ളവരുടെ കൂട്ടായ്മയായ ഫ്‌ളൈയുടെ കലാകാരര്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. സുനിത തൃപ്പാണിക്കര, സജിത മാണിയൂര്‍, മഹേഷ് എന്നിവരുടെ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. 36കാരിയായ ജിഷ ആലക്കോട് 10 വര്‍ഷത്തോളമായി ഫ്‌ളൈയുടെ ഭാഗമാണ്. പ്രകൃതി ദൃശ്യങ്ങള്‍ വരയ്ക്കാനാണ് ഏറെ ഇഷ്ടം. സൂര്യ ഫെസ്റ്റ് അടക്കമുള്ള നിരവധി വേദികളില്‍ ചിത്ര പ്രദര്‍ശനം നടത്തിയിട്ടുണ്ട്. കൊവിഡ് കാലത്തിനു ശേഷം വീണ്ടും സജീവമാവുകയാണിവര്‍. ചിത്രരചനയ്ക്ക് പുറമെ കുട നിര്‍മാണം, തയ്യല്‍ എന്നിവയിലും വിദഗ്ധയാണ് ഈ 36 കാരി. മസ്‌കുലാര്‍ അട്രോഫി ബാധിതനായ സുരേന്ദ്രന് ജീവിതത്തിന്റെ ഭാഗമാണ് ചിത്രരചന. മരണമുഖത്തു നിന്നും ജീവിതം തിരികെ തന്നത് ചിത്രങ്ങളാണെന്ന് ഇദ്ദേഹം പറയുന്നു. കേരളത്തിലങ്ങോളമുള്ള ശാരീരിക പരിമിതികളുള്ളവരുടെ കൂടിച്ചേരലുകള്‍, സാമൂഹ്യ സംവാദങ്ങള്‍, എഴുത്ത് കൂട്ടായ്മകള്‍, ഫ്‌ളൈ മ്യൂസിക്‌സ് എന്ന സംഗീത ട്രൂപ്പ്, യാത്രാ സംഘങ്ങള്‍, ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഫ്‌ളൈയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഞ്ജു മോഹന്‍, ഫ്‌ളൈ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി ടി എം ശ്രീജിത് തുടങ്ങിയവര്‍ പങ്കെടുത്തു.
പടം (സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ ഫ്‌ളൈ ചാരിറ്റബിള്‍ സൊസൈറ്റി കലാകാരന്മാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു.