തൃപ്പൂണിത്തുറ ഗവൺമെൻ്റ് സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയങ്ങൾ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാരിൻ്റെ പ്രധാന നയമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തൃപ്പൂണിത്തുറ ഗവൺമെൻ്റ് സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരുപോലെ പ്രാധാന്യമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. 47 ലക്ഷം വിദ്യാർഥികളാണ് സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്നത്. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനായി 3000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി അക്കാദമിക രംഗം മികവുറ്റതാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തി വരുന്നത്.

തൃപ്പൂണിത്തുറ ഗവൺമെൻ്റ് സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂളിൽ രണ്ടാം ഭാഷയായി മലയാളം, അറബി വിഷയങ്ങൾ ഉൾപ്പെടുത്തുന്ന കാര്യം സർക്കാർ തലത്തിൽ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ അധ്യാപകർ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ തുടങ്ങിയവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആസ്പിൻവാൾ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വിദ്യാലയത്തിൽ പുതുതായി തയ്യാറാക്കിയ ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് ഹൈസ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 60 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹയർ സെക്കണ്ടറി കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.

കെ ബാബു എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർമാൻ കെ കെ പ്രദീപ്, സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് എം ആന്റണി ദാസ്, ഹയർ സെക്കണ്ടറി വകുപ്പ് ആർഡിഡി കെ അബ്ദുൽ കരീം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ, ഡി.ഇ.ഓ ശ്രീദാസ്, തൃപ്പൂണിത്തുറ ഉപജില്ല എ.ഇ.ഒ കെ ജെ രശ്മി, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ ഡാൽമിയ തങ്കപ്പൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു കെ പീതാംബരൻ, കൗൺസിലർമാരായ സാവിത്രി നരസിംഹറാവു, ജയകുമാർ, ആൻ്റണി ജോ, പി ബി സതീശൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.