ഐ.ടി.ഐ ട്രെയിനികളായ വിദ്യാർത്ഥികൾക്ക് പഠന കാലത്ത് തന്നെ വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ പരിശീലനം നേടാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കുട്ടികൾക്കു വേണ്ട തൊഴിൽ പരിശീലന കേന്ദ്രങ്ങൾ എല്ലാ ഗ്രാമങ്ങളിലും എത്തിക്കാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മണീട് ഗവ. ഐ.ടി.ഐയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൈപുണ്യവികസനമാണ് സാധാരണ ജനങ്ങൾക്ക് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാനശില എന്ന തത്വത്തിലൂന്നിയാണ് സർക്കാരിന്റെ വികസന സ്വപ്‌നങ്ങൾ നെയ്തെടുക്കുന്നത്. വിദ്യാർത്ഥികൾക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം നൈപുണ്യ വികസനത്തിന് ഉതകുന്ന ഒരു പ്ലാറ്റ്ഫോം ആയി ഐ.ടി.ഐ യിലെ തൊഴിൽ പരിശീലനം മാറിയിട്ടുണ്ട്. എല്ലാ ഗ്രാമങ്ങളിലും അടിസ്ഥാന വികസനത്തിനായി സ്കൂളുകൾ സ്ഥാപിക്കുന്നത് പോലെ തന്നെ പ്രാധാന്യം നൽകിയാണ് വിപണിയിൽ ഏറ്റവും ഡിമാൻഡ് ഉള്ള ട്രേഡുകൾ ഉൾപ്പെടുത്തിയാണ് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിച്ചു വരുന്നത്.

വിദ്യാർത്ഥികൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ അന്തർദേശീയ നിലവാരത്തിലുള്ള പഠനസൗകര്യങ്ങൾ സർക്കാർ ഐ.ടി.ഐകളിൽ ലഭ്യമാണ്. ഇവയുടെ വികസനങ്ങളിലും സർക്കാർ ബദ്ധ ശ്രദ്ധ പുലർത്തുന്നുണ്ട് എന്നതിന്റെ മകുടോദാഹരണമാണ് മണീട് ഐ.ടി.ഐയിലെ രണ്ടാം ഘട്ട കെട്ടിടനിർമാണം പൂർത്തീകരിക്കാനായത്. സ്കിൽ ഇന്ത്യ ഫെസ്റ്റ്‌ സൗത്ത് കൊറിയയിൽ നടത്തിയ മത്സരങ്ങളിൽ ഐ.ടി.ഐ മണീടിലെ ട്രെയിനിയായ ബിബിൻ ദാസ് വിജയി ആയിരുന്നു. ഇതുപോലുള്ള കൂടുതൽ പ്രതിഭകളെ വാർത്തെടുക്കാൻ എല്ലാവരുടെയും കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അതിനു വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ നൽകി ഈ സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി ഉറപ്പു നൽകി.

ഐ.ടി.ഐ അങ്കണത്തിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി മുഖ്യാതിഥിയായി. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജു പി നായർ, മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ ജോസഫ്, മുൻ എം.എൽ.എമാരായ എം.ജെ ജേക്കബ്, വി.ജെ പൗലോസ്, ജില്ലാ പഞ്ചായത്ത് അംഗം എൽദോം ടോം പോൾ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ പ്രദീപ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എസ് ജോബ്, സി.ടി അനീഷ്, മിനി തങ്കപ്പൻ, വ്യവസായിക പരിശീലന വകുപ്പ് ഡയറക്ടർ കെ.പി ശിവശങ്കരൻ, മണീട് ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ എ.എൻ സീത, മണീട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ സോജൻ, പോൾ വർഗീസ്, പി. പ്രമോദ്, രഞ്ജി സുരേഷ്, മിനു മോൻസി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ബി രതീഷ്, എം.പി ഏലിയാസ്, പി.വി സ്കറിയ, വി.എ റോയ്, കെ.ടി ഭാസ്കരൻ, ഏഴക്കരനാട് വ്യാപാരി വ്യവസായി പ്രസിഡന്റ് ജോയി കുഴിക്കാട്ടുകുഴി, പിടിഎ പ്രസിഡണ്ട് ഓമന ട്രെയിനീസ് കൗൺസിൽ അധ്യക്ഷ കുമാരി ജ്യോതിക വിജയ് തുടങ്ങിയവർ പങ്കെടുത്തു.