കുറ്റ്യാടി നീർത്തട വികസനത്തിനായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച രണ്ട് കോടി രൂപ ഫലപ്രദമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

ആയഞ്ചേരി, വേളം ഗ്രാമപഞ്ചായത്തുകളിലെ തുലാറ്റുംനട, തറോപ്പൊയിൽ പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കാൻ യോഗം തീരുമാനിച്ചു.
കുറ്റ്യാടി ഇറിഗേഷൻ കനാലിലെ ജലലഭ്യത കണക്കിലെടുത്ത് ഈ പാടശേഖരങ്ങളിൽ ഒരേസമയത്ത് ഒരേ വിത്തിറക്കും.
തൊഴിലുറപ്പ് പദ്ധതി പരമാവധി പ്രയോജനപ്പെടുത്തി തോടുകളിലെ നീരൊഴുക്ക് സുഗമമാക്കാൻ വേണ്ട പ്രവൃത്തികളും നടത്തും. തോടുകളുടെ സംരക്ഷണത്തിനായി ജനകീയ സമിതി രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി. തുലാറ്റുംനട മുതൽ തെക്കേ തറേമ്മൽ വരെയുള്ള തോടിന്റെ ആഴം കൂട്ടി നീരൊഴുക്ക് വർധിപ്പിക്കാനും തീരുമാനിച്ചു.

ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചില ഭാഗങ്ങളിൽ അനധികൃതമായി കനാൽ പൊട്ടിക്കുന്നത് കാരണം കൃഷിസ്ഥലങ്ങളിൽ യഥാസമയം വെള്ളം എത്താത്തത് യോഗത്തിൽ ചർച്ചയായി. കനാൽ തകർക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കൃഷി നടത്താൻ സന്നദ്ധരല്ലാത്ത ഭൂവുടമകളിൽ നിന്നും കൃഷിഭൂമി പാട്ടത്തിന് വാങ്ങി കാർഷികോൽപാദനം വർധിപ്പിക്കുന്നതിനും തീരുമാനിച്ചു.

യോഗത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ, കുറ്റ്യാടി നിയോജകമണ്ഡലം കാർഷിക വികസന സമിതി കൺവീനർ ആർ.ബാലറാം മാസ്റ്റർ, മൈനർ ഇറിഗേഷൻ എഞ്ചിനീയർമാർ, സോയിൽ കൺസർവേഷൻ ഉദ്യോഗസ്ഥർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, നിയോജകമണ്ഡലം കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.