തിരുവമ്പാടി നിയോജകമണ്ഡലത്തിലെ നെല്ലിപ്പൊയിലിൽ സ്മാർട്ട് വില്ലേജ് ഓഫീസ് അനുവദിക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കോടഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതൽ വേഗത്തിൽ റവന്യൂ നടപടികൾ പൂർത്തിയാക്കി ഭൂരഹിതർക്കെല്ലാം ഭൂമി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്മാർട്ട് റവന്യൂ ഓഫീസുകൾ രൂപീകരിക്കപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എ. ഗീത സ്വാഗതം ആശംസിച്ചു.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കോടഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസിൽ ആധുനിക സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. വില്ലേജ് ഓഫീസറുടെ റൂം, സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ റൂം, ഓഫീസ് ഏരിയ, കാത്തിരിപ്പു മുറി, സ്റ്റോറേജ് റൂം, ശൗചാലയം എന്നിവ അടങ്ങിയതാണ് ഓഫീസ് കെട്ടിടം. അണ്ടർഗ്രൗണ്ടിൽ പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ നിർമ്മിതി കേന്ദ്രം എ ഇ സീന.ഇ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. എം അഷ്റഫ് മാസ്റ്റർ, പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, ജില്ലാ -ബ്ലോക്ക്- ഗ്രാമപഞ്ചായത്ത്- അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. താമരശ്ശേരി തഹസിൽദാർ സുബൈർ സി നന്ദി പറഞ്ഞു..