ഉദയംപേരൂർ മത്സ്യഭവനു കീഴിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ റ്റി പി ഹസ്സൻ്റെ പുരയിടത്തിൽ നടപ്പിലാക്കിയ ബയോഫ്ലോക് വന്നാമി മത്സ്യക്കൃഷിയുടെ വിളവെടുപ്പ് നടത്തി. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. കേരള സർക്കാർ ഫിഷറീസ് വകുപ്പ് 2022-23 സാമ്പത്തിക വർഷത്തിൽ പി.എം.എം.എസ്.വൈ. പദ്ധതിയുടെ ഭാഗമായാണ് മത്സ്യകൃഷി ആരംഭിച്ചത്.

ജലലഭ്യത കുറവുള്ള സ്ഥലങ്ങളിലും സ്വന്തമായി കുളങ്ങൾ ഇല്ലാത്ത ആളുകൾക്കും മത്സ്യകൃഷി ചെയ്യാൻ സാധിക്കുന്ന രീതിയിൽ ആവിഷ്കരിച്ച നൂതന കൃഷി രീതിയാണ് ബയോഫ്ലോക് മത്സ്യ കൃഷി. ജലത്തിലെ അമോണിയയെ നിയന്ത്രിച്ച് മത്സ്യത്തിന് ആവശ്യമായ സൂക്ഷ്മജീവികൾ അടങ്ങുന്ന ആഹാരം ടാങ്കിൽ തന്നെ ഉൽപാദിപ്പിച്ച് മത്സ്യം വളർത്തുന്ന രീതിയാണിത്. ജലത്തിന്റെയും കൃത്യമ തീറ്റയുടെയും അളവ് കുറയ്ക്കുകയും, എളുപ്പത്തിൽ തന്നെ മൊത്തമായും ഭാഗികമായും വിളവെടുക്കാനും ഈ കൃഷി രീതിയിലൂടെ സാധിക്കുന്നു.

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ പത്മാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉദയംപേരൂർ മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കെ വിഷ്ണു പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ അസീന ഷമൽ, ഉദയംപേരൂർ മത്സ്യഭവൻ പ്രൊജക്റ്റ് കോർഡിനേറ്റർ എ അക്ഷയ്, അക്വകൾച്ചർ കോർഡിനേറ്റർ ശ്യം ലാൽ, ആമ്പല്ലൂർ അക്വകൾച്ചർ പ്രൊമോട്ടർ രതീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.