25 വർഷമായി കേരളത്തിൽ താമസിക്കുന്ന അതിഥിത്തൊഴിലാളി കുടുംബത്തിന് മണിക്കൂറുകൾക്കുള്ളിൽ മുൻഗണന റേഷൻകാർഡ് അനുവദിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലിന്റെ ഇടപടെലിനെത്തുടർന്നാണ് അടിയന്തിരമായി മുൻഗണന റേഷൻ കാർഡ് അനുവദിച്ചത്.
തിരുവനന്തപുരം എസ്.എൻ.വി സ്കൂളിൽ നടന്ന സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും-താലൂക്ക്തല അദാലത്തിലാണ് ബീഹാർ സ്വദേശിനിയും ക്യാൻസർ രോഗ ബാധിതയുമായ ഗുൽഷൻ ഖാത്തൂൻ അപേക്ഷയുമായെത്തിയത്. നിലവിൽ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന ഗുൽഷനിന്റെ രേഖകൾ അടിയന്തിരമായി പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ കുടുംബം മന്ത്രിയുടെ ചേംബറിലെത്തി റേഷൻകാർഡ് ഏറ്റുവാങ്ങി.
മകൻ മുഹമ്മദ് ഇസ്ലാം, ഭാര്യ സീമ ബീഗം, ചെറുമകൻ സൽമാൻ എന്നിവരോടൊപ്പമാണ് ഗുൽഷൻ റേഷൻകാർഡ് ഏറ്റു വാങ്ങിയത്. ബീഹാർ ഛപ്ര സ്വദേശികളായ കുടുംബം ബീമാപള്ളി പത്തേക്കർ ബഥരിയ പള്ളിക്കടുത്താണ് നിലവിൽ താമസിക്കുന്നത്. റേഷൻ ആനുകൂല്യങ്ങൾക്കും തുടർചികിത്സാ ആനുകൂല്യങ്ങൾക്കും റേഷൻ കാർഡ് കുടുംബത്തിന് സഹായകരമാകും.