നെൽകൃഷിക്ക് അനുകൂലമായി തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി ക്രമീകരിക്കാൻ ഇരിട്ടി താലൂക്ക്തല അദാലത്തിൽ മന്ത്രി കെ രാധാകൃഷ്ണന്റെ ഉത്തരവ്. തൊഴിലാളി ക്ഷാമം കാരണം പായം പഞ്ചായത്തിൽ വയലുകൾ തരിശിടുകയാണെന്ന പരാതി പരിഗണിച്ചാണ് മന്ത്രിയുടെ ഉത്തരവ്.
കർഷകനായ പായം കാടമുണ്ടയിലെ മാവില വീട്ടിൽ ഉണ്ണികൃഷ്ണനാണ് ഇക്കാര്യം ആവശ്യപ്പെട്ട് അദാലത്തിൽ എത്തിയത്. തൊഴിലാളികളെ ലഭിക്കാത്തതിനാൽ പഞ്ചായത്തിലെ 9, 10 വാർഡുകളിൽ നെൽവയൽ തരിശായി കിടക്കുകയാണെന്ന് ഇദ്ദേഹം മന്ത്രിയോട് പറഞ്ഞു. എന്നാൽ നിലവിലെ സർക്കുലർ പ്രകാരം ആവർത്തിച്ച് വരുന്ന പ്രവൃത്തികൾ ഏറ്റെടുക്കാനാകില്ലെന്നും ഇതിൽ ഭേദഗതിയോ പുതിയ നിർദേശമോ ലഭിച്ചാൽ പ്രവൃത്തി നടത്താമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിന് ശേഷമായിരുന്നു നെൽകൃഷിക്ക് അനുകൂലമായ മന്ത്രിയുടെ ഉത്തരവ്. തീരുമാനം കർഷകർക്ക് ഗുണം ചെയ്യുമെന്നും ബ്ലോക്ക് , ഗ്രാമപഞ്ചായത്തുകൾ, കൃഷിഭവൻ തുടങ്ങി 20 ഇടങ്ങളിൽ അപേക്ഷ നൽകിയിട്ടും പരിഹാരമാകാത്ത പ്രശ്നത്തിനാണ് പരിസമാപ്തിയായതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു