സ്വന്തം ഭൂമി തന്റേതല്ലാതായി മാറുമെന്ന പേടി, അനധികൃതമായി ഭൂമി കയ്യേറി എന്നുള്ള ആരോപണം നേരിടുന്നതിന്റെ വിഷമം എന്നീ ആശങ്കകളുമായാണ് ആധാരപ്രകാരമുള്ള ഭൂമി കൃത്യപ്പെടുത്തി കൊടുക്കണം എന്ന അപേക്ഷയുമായി മഞ്ഞുമ്മൽ കരയിൽ പളിഞ്ഞാലിൽ മേരി ലൂസി കരുതലും കൈത്താങ്ങും അദാലത്തിൽ എത്തിയത്. മേരി ലൂസിയുടെ പരാതി മന്ത്രി പി.രാജീവ്
വിശദമായി പരിശോധിച്ചു. സ്ഥലം കൃത്യപ്പെടുത്തി നൽകിക്കൊണ്ടുള്ള ഉത്തരവും കൈമാറി. ഇതോടെ മേരിയുടെ പേടിയും ആശങ്കകളും സന്തോഷത്തിന് വഴി മാറി.
2011ലെ റീ സർവ്വേ പ്രകാരം തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്ന് മൂന്നര സെന്റ് വസ്തു റിസർവേ രേഖകൾ പ്രകാരം ലൂസിയുടെ ഉടമസ്ഥതയിൽ അല്ലാത്തതായി വന്നിരുന്നു. ഇവർ പണിത മതിൽ അനധികൃതമായി വസ്തു കൈയേറി നിർമ്മിച്ചതാണെന്ന് ആരോപണമുന്നയിച്ച് നിരവധി പേർ മതിൽ പൊളിക്കണം എന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവന്നിരുന്നു. ഈ സാഹചര്യത്തിൽ നികുതി പോലും അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു ഇവർ.
അദാലത്തിൽ അപേക്ഷയിൽ കൃത്യമായി പരിശോധന നടത്തി ഭൂമി കൃത്യമായി രേഖപ്പെടുത്തി നൽകി. ഇനി നികുതി അടയ്ക്കാം, ഭൂമി കയ്യേറി മതിൽ നിർമ്മിച്ചു എന്ന ആരോപണങ്ങൾക്ക് മറുപടി നൽകാം എന്ന ആശ്വാസവുമായാണ് മേരി ലൂസി അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്.