വഴിമുട്ടിയ ജീവിതത്തിൽ നിന്നും കരകയറാൻ സഹായിച്ച പിണറായി വിജയൻ സർക്കാർ തൊടുപുഴ കുമ്പങ്കല്ല് സ്വദേശി സീനത്ത് റസാക്കിന് വീണ്ടും കൈത്താങ്ങ് ആവുകയാണ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ കരുതലും കൈത്താങ്ങും എന്ന പേരിൽ തൊടുപുഴ താലൂക്കിൽ നടന്ന പരാതി പരിഹാര അദാലത്തിൽ സീനത്തിന്റെ ഭിന്നശേഷിക്കാരായ മകൻ റിയാസ് വി റസാക്കിന്റെ അവശതാ പെൻഷന്റെ കാര്യത്തിൽ തീർപ്പയിരിക്കുകയാണ്.

ഫണ്ട്‌ വരുന്ന മുറയ്ക്ക് സീനത്തിന്റെ ആവശ്യം പരിഗണിച്ച് നടപ്പാക്കണമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവാൻ പ്രത്യേകം നിർദേശം നൽകുകയായിരുന്നു. ലോട്ടറി വില്പനയും പെയിന്റ് പണിയുമൊക്കെ ചെയ്ത് ഉമ്മയെ നോക്കിയിരുന്ന 29 വയസുകാരൻ റിയാസ് 2017 മുതലാണ് കിടപ്പിലായത്. ഒറ്റയ്ക്ക് മകനെ നോക്കാൻ ബുദ്ധിമുട്ടിയ സീനത്തിന് സംസ്ഥാന സർക്കാർ ലൈഫ് മിഷൻ മുഖേന ഭവനം നൽകിയിരുന്നു. വീടിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. കളക്ടറുടെ പ്രത്യേക ഇടപെടൽ മൂലമാണ് ഭർത്താവിന്റെ കൈയിൽ നിന്നും വിഹിതം ലഭിച്ചതും ,ആ സ്ഥലത്ത് ഒരു വീട് നിർമ്മിക്കാൻ കഴിഞ്ഞതെന്നും സീനത്ത് പറയുന്നു. മകൻ കിടപ്പുരോഗി ആയത് മുതൽ എല്ലാ സൗകര്യങ്ങളും ഒരുക്കി തരാൻ സർക്കാർ എപ്പോഴും തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് സീനത്ത് പറയുന്നു . വീട്ടിൽ റസാക്കിനെ തനിച്ചാക്കി വന്നതിന്റെ വേവലാതി പങ്കുവെച്ചെങ്കിലും നല്ല രീതിയിൽ മകനെ നോക്കാൻ സഹായിച്ച സർക്കാരിന് നന്ദി പറയാൻ സീനത്ത് മറന്നില്ല.