സ്വന്തമായി ഭൂമി എന്നത് ഏതൊരു മനുഷ്യന്റെയും അടിസ്ഥാനപരമായ ആവശ്യമാണ്‌. തൊടുപുഴ താലൂക്കിൽ നടന്ന പരാതി പരിഹാര അദാലത്തിൽ അഞ്ചു കുടുംബങ്ങൾക്കാണ് സ്വന്തമായി പട്ടയം ലഭിച്ചത്. 53 വർഷമായി താമസിക്കുന്ന വീട് സ്ഥിതി ചെയുന്ന ഒമ്പത് സെന്റ് ഭൂമിയുടെ അവകാശം ലഭിച്ചതിന്റെ സന്തോഷത്തിലാണ് തൊടുപുഴ മണക്കാട് പഞ്ചായത്തിലെ കൈനിക്കൽ സ്വദേശി കെ.വി സാജു. വർഷങ്ങളായി സ്വന്തം സ്ഥലത്തിന്റെ പട്ടയത്തിനായി ഓടാൻ തുടങ്ങിയ നെട്ടോട്ടം ഒറ്റ രാത്രി കൊണ്ട് അവസാനിച്ചതിന്റെ ആശ്വാസത്തിലാണ് സാജു.

ഒപ്പം പട്ടയം ലഭിച്ച മണക്കാട് അരികുഴകര സ്വദേശി ശശി കെ കെ യും സമാധാനമായി ഒരു വീട് നിർമ്മിച്ച അന്തിയുറങ്ങാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് അദാലത്ത് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയത്. മുമ്പുണ്ടായിരുന്ന വീട് ബാങ്കിൽ പണയത്തിൽ വെച്ചതിനെ തുടർന്ന് ജപ്തി നടപടിയിലേക്ക് കടക്കുകയാണ്. ആരോഗ്യപ്രശ്നങ്ങൾ കാരണം ജോലിചെയ്യാൻ സാധിക്കാത്ത ശശിക്ക് ഇപ്പോൾ ലഭിച്ച പട്ടയം ഒരു പുതിയ ജീവിതത്തിലേക്കുള്ള ചവിട്ടുപടിയാണ്. പ്രായമായ അമ്മ, ഭാര്യ, രണ്ട് പെണ്മക്കൾ , ഒരു മകൻ എന്നിവരടങ്ങുന്നതാണ് ശശിയുടെ കുടുംബം.