ഓട്ടിസം ബാധിച്ച മകനെയും, വൃദ്ധമാതാവിനെയും കൂട്ടിയാണ് തൊടുപുഴ കുമ്മംകല്ല് സ്വദേശി കുന്നുംപുറത്ത് അബ്ദുൾ നാസറും ഭാര്യ ഖദീജയും തൊടുപുഴയിലെ പരാതി പരിഹാര അദാലത്തിനെത്തിയത്. 90 ശതമാനം സെറിബ്രൽ പാർസിയും ഓട്ടിസവും ബാധിച്ച മകൻ മുഹമ്മദ് അബൂബക്കർ (22), വാർധിക്യ സഹജമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന മാതാവ് നബീസ (92) യുമായെത്തിയ അബ്ദുൾ നാസറിന് മകന്റെ ആരോഗ്യപ്രശ്നങ്ങളും ശാഠ്യങ്ങളെയും തുടർന്ന് അദാലത്ത് വേദിയിലേക്ക് പ്രവേശിക്കാനായില്ല. പുറത്തിരുന്ന മുഹമ്മദ് അബൂബക്കറിനെ നേരിൽ കണ്ട് പരാതി പരിഹരിക്കാൻ മന്ത്രിമാരായ വി.എൻ വാസവനും, റോഷി അഗസ്റ്റിനും, ജില്ലാ കളക്ടർ ഷീബാ ജോർജും വേദി വിട്ടിറിങ്ങി മുഹമ്മദ് അബൂബക്കറിന്റെ അരികിലെത്തി. പിതാവ് അബ്ദുൾ നാസറിനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രിമാർ മുൻഗണന നൽകി നിയമാനുസൃതമായി എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. മുഹമ്മദ് അബൂബക്കറിന്റെ ചികിത്സ ചിലവിന് പരിരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സാ സഹായം അനുവദിക്കാൻ സാമുഹ്യനീതി വകുപ്പിനും, മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി ലൈഫ് മിഷനിൽ വീട് അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നഗരസഭാ സെക്രട്ടറിക്കും നിർദേശം നൽകി.

മന്ത്രിമാർ നേരിട്ട് പരാതി പരിഗണിച്ചതിലും അനുകൂലമായ നിലപാട് സ്വീകരിച്ചതിലും സന്തോഷമുണ്ടെന്ന് അബ്ദുൾ നാസർ പ്രതികരിച്ചു. ചെറുകിട കച്ചവടമാണ് അബ്ദുൾ നാസറിന്റെ ഉപജീവന മാർഗം. ഇതിലൂടെ ലഭിക്കുന്ന വരുമാനം മകന്റ ചികിത്സയ്ക്ക് പോലും തികയാറില്ല. അദാലത്തിൽ മന്ത്രിമാരുടെ അനുകൂല ഇടപെടലിലാണ് ഇനി അബ്ദുൾ നാസറിന്റെ പ്രതീക്ഷ.