പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/ മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ, പ്രൊമോട്ടറായി നിയമിക്കപ്പെടുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/തത്തുല്യവും പ്രായപരിധി 18-30 വയസുമാണ്. ഗ്രാമപഞ്ചായത്ത്/മുൻസിപ്പാലിറ്റി/കോർപ്പറേഷനുകളിലേക്ക് നിയമിക്കുന്നതിനായി അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ യോഗ്യരായ അപേക്ഷകർ ഇല്ലെങ്കിൽ സമീപത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഉള്ളവരെ പരിഗണിക്കുന്നതാണ്. സ്ഥിരനിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

മുൻപ് പ്രൊമോട്ടർമാരായി പ്രവർത്തിക്കുകയും, എന്നാൽ അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചു വിടുകയും ചെയ്തവർ അപേക്ഷിക്കേണ്ടതില്ല. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പ്രതിമാസം 10000 രൂപ നിരക്കിൽ ഓണറേറിയം ലഭിക്കും. ഒരു വർഷമാണ് നിയമന കാലയളവ്. ഒരുവർഷത്തെ സേവനം തൃപ്തികരമാണെങ്കിൽ, ബന്ധപ്പെട്ട ഓഫീസറുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർ നൽകണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 5 വൈകീട്ട് 5 മണി.

കൂടുതൽ വിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും ബ്ലോക്ക്/മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.