മൂലമറ്റം പവർ സ്റ്റേഷനും ഇടുക്കി ഡാമും സുരക്ഷിത വൈദ്യുതി ഉപയോഗത്തിന്റെ മാർഗങ്ങളും പരിചയപ്പെടുത്തി കെ.എസ്.ഇ.ബി. നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ കെ.എസ്.ഇ.ബി സ്റ്റാളിലാണ് ഈ കാഴ്ചകൾ
മൂലമറ്റത്ത് കെ.എസ്.ഇ.ബി യ്ക്കായി പാറ തുരന്ന് നിർമിച്ചിട്ടുള്ള ഏഴ് നില കെട്ടിടവും 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജനറേറ്ററുകളും, ഇടുക്കി ആർച്ച് ഡാം, ചെറുതോണി, കുളമാവ് എന്നീ മൂന്ന് ഡാമുകൾ, മൂലമറ്റം 220 കെ.വി. സബ് സ്റ്റേഷൻ എന്നിവയുടെ മാതൃകകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഈ മാതൃകകളിലൂടെ ഇടുക്കി ഡാമിന്റെ പ്രവർത്തനം അധികൃതർ വിശദമായി വിശദീകരിക്കുന്നുണ്ട്. ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുന്നതും ഇപ്പോൾ വെള്ളത്തിന് അടിയിലുള്ളതുമായ ഇൻടേക്ക് ടണലിന്റെ നിർമാണ വേളയിലുള്ള ചിത്രവും ഇടുക്കി ഡാമിന്റെ നിർമാണ വേളകളിലുള്ള ചിത്രങ്ങളും കാണികളിൽ കൗതുകം ജനിപ്പിക്കുന്നു.
മിതമായ വൈദ്യുതി ഉപഭോഗത്തിന്റെ പ്രാധാന്യം, സുരക്ഷിതത്വമാർഗങ്ങൾ, ഓൺലൈൻ സേവനങ്ങൾ, ഓഫീസിൽ പോകാതെ ഓൺലൈനായി എങ്ങനെ ബില്ല് അടക്കാം, ഓൺലൈൻ മുഖേന ഉപഭോക്തൃ സേവന സഹായം തേടാം തുടങ്ങി കെ.എസ്.ഇ.ബിയുടെ ഇ-സേവനങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളിൽ പാഴാക്കാതെ വൈദ്യുതി ഉപയോഗിക്കാനുള്ള മാർഗങ്ങളും അപകടങ്ങളിൽ സുരക്ഷ തേടാനുള്ള വഴികളും വിശദീകരിച്ചു നൽകുന്നുണ്ട്. അമിത വൈദ്യുത പ്രവാഹമുണ്ടാകുമ്പോൾ വൈദ്യുതി വിച്ഛേദിക്കുന്ന സാങ്കേതിക സംവിധാനം ഇ.എൽ.സി.ബി (എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ) പരിചയപ്പെടുത്തുന്ന മാതൃകയും ഇവിടെ പൊതുജനങ്ങൾക്ക് കാണാം. ഇ എൽ സി ബിയുടെ ആവശ്യകത, ഇ എൽ സി ബി പ്രവർത്തന സജ്ജമാണോ എന്ന് പരിശോധിക്കുന്ന രീതി തുടങ്ങിയവയെക്കുറിച്ച് അവബോധവും ജീവനക്കാർ സന്ദർശകർക്ക് പകർന്നു നൽകുന്നുണ്ട്. ബാണാസുര സാഗർ ഫ്‌ളോട്ടിംഗ് സോളാർ പദ്ധതി , കെ.എസ്.ഇ.ബി യുടെ ഇ – ചാർജിംഗ്, വാതിൽപ്പടി സേവനം തുടങ്ങി കെ.എസ്.ഇ.ബി സേവനങ്ങളുടെ പോസ്റ്ററുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇവ കൂടാതെ പൊതുജനങ്ങൾക്കായി ക്വിസ് പരിപാടിയും വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.